Banner Ads

മേയ് മാസത്തിൽ നടന്ന മോഷണം അറിഞ്ഞത് ഓഗസ്റ്റിൽ; കൊച്ചിയിൽ 21 പവൻ സ്വർണാഭരണങ്ങൾ കവർന്നു

കൊച്ചി : വയോധികരായ ദമ്പതിമാർ മാത്രം താമസിക്കുന്ന വീട്ടിൽ നിന്ന് 21 പവൻ സ്വർണാഭരണങ്ങൾ കവർന്നു. മട്ടാഞ്ചേരി നസ്രത്ത് മദർ തെരേസ റോഡിൽ മുട്ടത്തിപ്പറമ്പിൽ എ വി ജോയിയുടെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ മുകളിലത്തെ നിലയിലുള്ള ഹാളിലെ അലമാരയുടെ ഡ്രോയറിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് നഷ്ടപ്പെട്ടത്.

മെയ് 10ന് ഞാറയ്ക്കലിൽ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയ സമയത്ത് സ്വർണം അലമാരയിൽ ഉണ്ടായിരുന്നതായി വീട്ടുടമ പറയുന്നു. ഓഗസ്റ്റ് 1ന് അലമാര പരിശോധിച്ചപ്പോഴാണ് സ്വർണം കാണാതായ വിവരം ദമ്പതിമാർ അറിയുന്നത്.

തുടർന്ന് വീട്ടുടമ തോപ്പുംപടി പോലീസിൽ പരാതി നൽകി. വീടിന്റെ പിറക് വശത്തെ ടെറസിലൂടെ അകത്ത് കടന്നാകാം മോഷണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.