
മലപ്പുറം : പോരൂർ കരുവാറ്റക്കുന്ന് കക്കുണ്ടിൽ വീടിന്റെ ഓട് പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് കിടന്നുറങ്ങുകയായിരുന്ന യുവതിയുടെ പാദസരമടക്കം കവർന്നു. എന്നാൽ മോഷ്ടാവ് കൊണ്ടുപോയത് മുക്കുപണ്ടമാണെന്ന ആശ്വാസത്തിലാണ് വീട്ടുകാർ.
കക്കുണ്ട് പള്ളിക്ക് സമീപമുള്ള മംഗലപ്പറമ്പൻ അബ്ദുസലാമിന്റെ വീട്ടിൽ വെള്ളിയാഴ്ച പുലർച്ചെ നാലോടെയായിരുന്നു മോഷണം നടന്നത്. അടുക്കള ഭാഗത്തെ ഓടുകൾ മാറ്റിയാണ് മോഷ്ടാവ് അകത്തുകടന്നത്. തുടര്ന്ന് ശബ്ദമുണ്ടാകാതിരിക്കാൻ വീടിന്റെ വാതിലുകളിൽ ഓയിൽ ഒഴിച്ച ശേഷമാണ് മുറികളിൽ പരിശോധന നടത്തിയത്.
മരുമകളും കുട്ടിയും കിടന്നുറങ്ങിയിരുന്ന മുറിയിലെ അലമാരയിലുണ്ടായിരുന്ന സാധനങ്ങൾ മറ്റൊരിടത്തേക്ക് മാറ്റിയാണ് തിരച്ചിൽ നടത്തിയത്. ഇതിനിടയിലാണ് യുവതിയുടെ പാദസരം കവർന്നത്. രാവിലെ വാതിലുകൾ തുറന്ന നിലയിൽ കണ്ടതിനെ തുടർന്നാണ് വീട്ടുകാർ മോഷണവിവരം അറിയുന്നത്.