Banner Ads

സജിത കൊലക്കേസ് പ്രതി ചെന്താമരയുടെ വിധി പ്രഖ്യാപനം മറ്റന്നാളത്തേക്ക്.

പാലക്കാട്: പാലക്കാട് പോത്തുണ്ടി സജിത കൊലക്കേസിലെ പ്രതിയായ ചെന്താമരയുടെ ശിക്ഷാവിധി മറ്റന്നാൾ (ശനിയാഴ്ച) പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി പ്രഖ്യാപിക്കും. ചൊവ്വാഴ്ചയാണ് കേസിൽ ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ എം.ജെ. വിജയ് കുമാർ ആവശ്യപ്പെട്ടു.

കൊലപാതകസ്ഥലത്തുനിന്ന് ലഭിച്ച ശാസ്ത്രീയ തെളിവുകളും ചെന്താമരയുടെ ഭാര്യ, സഹോദരൻ, സുഹൃത്തുക്കൾ എന്നിവരുടെ മൊഴികളും കേസിൽ നിർണായകമായി.ഇതൊരു അപൂർവങ്ങളിൽ അപൂർവമായ കേസ് അല്ലാത്തതിനാൽ ശിക്ഷയിൽ ഇളവ് നൽകണം. മുമ്പ് ക്രിമിനൽ പശ്ചാത്തലമില്ലാത്തയാളാണ് ചെന്താമരയെന്നും പ്രതിഭാഗം വാദിച്ചു.

2019 ഓഗസ്റ്റ് 31-നാണ് നെന്മാറ പോത്തുണ്ടി ബോയൻ നഗർ സ്വദേശിനി സജിതയെ ചെന്താമര കൊലപ്പെടുത്തിയത്. ഭാര്യയും മകളും തന്നെ വിട്ടുപോയത് സജിത കാരണമാണെന്ന സംശയത്തെ തുടർന്നായിരുന്നു ആക്രമണം. മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് വീട്ടിൽ കയറിയാണ് ഇയാൾ സജിതയെ ആക്രമിച്ചത്.

ഈ കേസിൽ വിചാരണത്തടവുകാരനായി കഴിയവെ ജാമ്യത്തിൽ ഇറങ്ങിയ ചെന്താമര, പക തീരാതെ സജിതയുടെ ഭർത്താവ് സുധാകരനെയും അദ്ദേഹത്തിൻ്റെ അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയിരുന്നു.കുറ്റക്കാരനാണെന്ന വിധി ഭാവഭേദമില്ലാതെ കേട്ട ചെന്താമര, വിധിയെക്കുറിച്ച് ഒന്നും പറയാനില്ലെന്നാണ് കോടതിയെ അറിയിച്ചത്. മാധ്യമങ്ങളോടും ഇയാൾ മൗനം പാലിച്ചു.