Banner Ads

യുഎഇയുടെ ഗതാഗത മുഖച്ഛായ മാറും; 2030 ലക്ഷ്യമിട്ട് 12 വരി ഹൈവേ നിർമ്മാണം പരിഗണനയിൽ

അബുദാബി : യുഎഇയുടെ ഗതാഗത മേഖലയിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി പുതിയ ദേശീയപാത പദ്ധതിയുടെ സാധ്യതകൾ പരിശോധിക്കുന്നു. 120 കിലോമീറ്റർ നീളത്തിലുള്ളതും 12 വരികളുള്ളതുമായ പാത നിർമ്മിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്. ഈ പുതിയ പാത യാഥാർത്ഥ്യമാകുന്നതോടെ പ്രതിദിനം ഏകദേശം 3.6 ലക്ഷം പേർക്ക് സുഗമമായി സഞ്ചരിക്കാൻ സാധിക്കും.

അടുത്തിടെ പ്രഖ്യാപിച്ച 1700 കോടി ദിർഹമിന്റെ ദേശീയ റോഡ് ഗതാഗത നിക്ഷേപ പദ്ധതിയുടെ ഭാഗമായാണ് ഈ ദേശീയപാത നിർമ്മാണം പരിഗണിക്കുന്നത്. അബുദാബിയിൽ നടന്ന യുഎഇ ഗവൺമെന്റ് വാർഷിക യോഗത്തിലാണ് ഊർജ്ജ-അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈൽ അൽ മസ്‌റൂയി ഈ റോഡ് പാക്കേജ് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.