
കണ്ണൂർ : ഇന്ന് തുലാം പത്ത്. ഉത്തര മലബാറിന്റെ ആത്മാവിൽ തൊട്ട് വീണ്ടും ഒരു തെയ്യക്കാലം കൂടി. ഇന്ന് കൊളച്ചേരി ചാത്തമ്പള്ളി കാവിലെ തെയ്യം കെട്ടോടെ മലനാടിന്റെ ഈ അനുഷ്ഠാന കലാരൂപം അതിന്റെ പൂർണ്ണ പ്രൗഢിയിലേക്ക് ഉണരുകയാണ്. ഓലച്ചൂട്ടുകളിൽ തീ പകർന്ന് പള്ളിയറകളിൽ നിന്ന് വരവിളിയോടെ തെയ്യക്കോലങ്ങൾ ഇറങ്ങി വരുന്നതോടെ കണ്ണൂരും പരിസര പ്രദേശങ്ങളും ഇനി ദിവ്യദിനങ്ങളിലേക്ക് പ്രവേശിക്കും.
ചെമ്പട്ടും മെയ്യലങ്കാരങ്ങളുമണിഞ്ഞ് മനുഷ്യൻ ദൈവമായി മാറുന്ന ഈ ദിവസങ്ങൾ ഈ നാടിന് അഭീഷ്ട വരദായിനികളായ ദൈവങ്ങൾ ചിലമ്പ് കെട്ടിയാടുന്ന പുണ്യനാളുകളാണ്. തുലാം ഒന്ന് മുതൽ ചില കാവുകളിൽ തെയ്യം കെട്ട് ആരംഭിച്ചിരുന്നെങ്കിലും കൊളച്ചേരി ചാത്തമ്പള്ളി കാവിലെ ചടങ്ങുകളോടെയാണ് തെയ്യക്കാലം അതിന്റെ പൂർണ്ണമായ ആവേശത്തിലേക്ക് കടക്കുന്നത്.
വീരരായി മരിച്ച മനുഷ്യർ, ചതിയിൽ വീഴ്ത്തപ്പെട്ട സ്ത്രീ ജന്മങ്ങൾ, പുരാണ കഥാപാത്രങ്ങളുടെ പുനർജ്ജനികൾ എന്നിങ്ങനെ വിവിധ ഐതിഹ്യങ്ങളും ആചാരങ്ങളും രീതികളുമായി എണ്ണമറ്റ തെയ്യങ്ങളാൽ സമ്പന്നമാണ് കണ്ണൂരിന്റെ ഇനിയുള്ള നാളുകൾ. ചൂട്ട്കറ്റകളുടെ പ്രകാശവും തോറ്റം പാട്ടിന്റെ ആർദ്രമായ ഈണവും ചേരുമ്പോൾ മഞ്ഞൾക്കുറിയുടെയും തീയിലെരിയുന്ന കുരുത്തോലയുടെയും ഗന്ധം അന്തരീക്ഷത്തിൽ നിറയും.
വാളുകളുടെ കിലുക്കവും, ഇരുട്ടും മഞ്ഞും, ആർപ്പുവിളികളും ചേർന്ന് ഈ രാത്രികളെ തെയ്യങ്ങളുടെ രൗദ്രതയാൽ സമ്പന്നമാക്കും. കണ്ടുമതിവരാത്ത തെയ്യക്കോലങ്ങളെ വീണ്ടും കാണാനും ഒരിക്കലെങ്കിലും കാണാൻ കൊതിച്ച തെയ്യങ്ങളെ തേടിയും ഭക്തർ ഇനി കാവുകളിലേക്ക് ഒഴുകും.
ചെണ്ടതാളത്തിന് കാതോർത്ത്, ദിക്കറിഞ്ഞ് യാത്ര തുടങ്ങുന്ന ഈ വേളയിൽ രക്തചാമുണ്ഡി, കതിവനൂർ വീരൻ, പോതി, മാക്കം, മുച്ചിലോട്ട് ഭഗവതി, വൈരജാതൻ, ഗുളികൻ തുടങ്ങിയ പ്രധാന തെയ്യങ്ങളെല്ലാം കാവുകളിൽ ഉറഞ്ഞാടും.