
പയ്യാവൂർ : ഓണം റിലീസായെത്തി വൻ വിജയമായ ‘ലോക ചാപ്റ്റർ വൺ-ചന്ദ്ര’ എന്ന സിനിമയിലെ പ്രധാന ലൊക്കേഷനുകളിലൊന്നായ ഗുഹ കണ്ണൂർ ജില്ലയിലെ പയ്യാവൂരിലെ കുഞ്ഞിപ്പറമ്പിലാണെന്ന് കണ്ടെത്തിയതോടെ ഈ പ്രദേശം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചാവിഷയമായിരിക്കുകയാണ്.
ഡൊമിനിക് അരുണ്‍ സംവിധാനംചെയ്ത സിനിമയിലെ ഫ്ലാഷ് ബാക്ക് സീനിലാണ് ഗുഹയുടെ ഉള്‍വശം കാണിക്കുന്നത്. എറണാകുളത്തെ മറ്റൊരു ഗുഹയിലും ഈ സീനിന്റെ ചില ഭാഗങ്ങള്‍ ഷൂട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞവർഷം ഡിസംബറിലാണ് പയ്യാവൂരിലെ രംഗങ്ങള്‍ ചിത്രീകരിച്ചത്.സഞ്ചാരികള്‍ക്ക് അത്രയൊന്നും പരിചിതമല്ലാത്ത കുഞ്ഞിപ്പറമ്പ് ഗുഹ സിനിമ വൻ വിജയമായതോടെ സാമൂഹികമാധ്യമങ്ങളില്‍ ചർച്ചാവിഷയമായി.
നേരത്തേ ‘കുമാരി’ എന്ന സിനിമയും ഇവിടെ ഷൂട്ട് ചെയ്തിരുന്നു. പയ്യാവൂർ സ്വദേശി പി.ഉമ്മറിന്റെ ഉടമസ്ഥതയിലുള്ള ഈ ഗുഹയ്ക്ക് ഏകദേശം 500 മീറ്റർ നീളമുണ്ട്. പ്രകൃതിദത്തമായി രൂപപ്പെട്ട ഗുഹയാണിത്. ശരാശരി അഞ്ചുമുതല്‍ 15 മീറ്റർ വരെ ഉയരമുണ്ട്. വീതി ഏകദേശം 10 മീറ്റർ.ഗുഹയുടെ ചില ഭാഗങ്ങളില്‍ ഉയരം ഒരുമീറ്റർ വരെ കുറയും.
ചിലയിടത്ത് 15 മീറ്റർ വരെയുണ്ടാകും. ഒരുമീറ്റർ ഉയരമുള്ളിടത്ത് മുട്ടില്‍ ഇഴഞ്ഞുവേണം പോകാൻ. ഇരുട്ട് മൂടിയ ഗുഹയില്‍ ഏകദേശം 150 മീറ്റർ ഉള്ളിലേക്ക് നടന്നാല്‍ മുകളില്‍ ഒരു വലിയ ദ്വാരം കാണാം. അതില്‍നിന്ന് പ്രകാശം ഉള്ളിലേക്ക് പതിക്കുന്നതാണ് ഇവിടത്തെ പ്രത്യേകത. ഇൻസ്റ്റഗ്രാം റീലുകളിലും സഞ്ചാരികളുടെ വ്ലോഗ് കുഞ്ഞിപ്പറമ്പ് ഗുഹ ഇടംപിടിച്ചിട്ടുണ്ട്.
വേനല്‍ക്കാലത്ത് നിരവധി സഞ്ചാരികളെത്തിയിരുന്ന ഗുഹയില്‍ നിലവില്‍ ആളുകള്‍ക്ക് കയറാനാകില്ല. ഈ വർഷം ജൂലായിലെ കനത്ത മഴയില്‍ ഗുഹയുടെ പ്രവേശനകവാടത്തിലെ മണ്ണിടിഞ്ഞതാണ് കാരണം. ഗുഹയിലേക്ക് ഇറങ്ങേണ്ട ഭാഗം മണ്ണ് മൂടിയ നിലയിലാണ്.