
തിരുവനന്തപുരം : സംസ്ഥാന സർക്കാർ മേഖലയിലെ നാലാമത്തെ ആയുർവേദ മെഡിക്കൽ കോളേജ് ഇടുക്കിയിൽ. ഇടുക്കി വികസന പാക്കേജിൽ അനുവദിച്ച 10 കോടി രൂപ ഉപയോഗിച്ചാണ് കോളേജിന്റെ ഭാഗമായുള്ള ആശുപത്രി ഒ.പി.ഡി. കോംപ്ലക്സ് നിർമ്മിക്കുന്നത്.
ഇടുക്കി ആയുർവേദ മെഡിക്കൽ കോളേജിന്റെ ഭാഗമായുള്ള ആശുപത്രി ഒ.പി.ഡി. കോംപ്ലക്‌സിന്റെ ശിലാസ്ഥാപനം ഒക്ടോബർ 26-ന് ഞായറാഴ്ച ഉച്ചയ്ക്ക് 2.30-ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. ഉടുമ്പഞ്ചോല ഗ്രാമപഞ്ചായത്ത് സൗജന്യമായി വിട്ടുനൽകിയ കമ്മ്യൂണിറ്റി ഹാളിൽ ഒ.പി. വിഭാഗത്തിന്റെ പ്രവർത്തനോദ്ഘാടനവും ഇതോടൊപ്പം നടക്കും.
നാഷണൽ ആയുഷ് മിഷന്റെ 66 നിർമ്മാണ പ്രവൃത്തികളുടെയും ഭാരതീയ ചികിത്സ ഹോമിയോപ്പതി വകുപ്പുകളുടെ 7 നിർമ്മാണ പ്രവൃത്തികളുടെയും ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യാതിഥിയായും എം.എം. മണി എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചും ഡീൻ കുര്യാക്കോസ് എം.പി. മുഖ്യപ്രഭാഷകനായും പങ്കെടുക്കും.
ആശുപത്രി നിർമ്മാണം പൂർത്തിയാകുമ്പോൾ എല്ലാ സ്പെഷ്യാലിറ്റി വിഭാഗങ്ങളും ഇവിടെ ലഭ്യമാകും. വിവിധ ജില്ലകളിലായി പൂർത്തിയാക്കിയ മൊത്തം 73 നിർമ്മാണ പ്രവർത്തനങ്ങളാണ് ഈ ചടങ്ങിൽ ഉദ്ഘാടനം ചെയ്യുന്നത്.