
തിരുവനന്തപുരം : യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യവിമർശനത്തെത്തുടർന്ന് കോൺഗ്രസിൽ പ്രതിസന്ധിയും ചേരിപ്പോരും. പരസ്യപ്രതികരണത്തിന് പിന്നിൽ മറ്റ് നേതാക്കളുടെ പിന്തുണയില്ലെന്ന അടൂർ പ്രകാശിന്റെ വാദം വിഡി സതീശൻ ചേരി തള്ളി.
വിമർശനത്തിന് പിന്നിൽ ഹൈക്കമാൻഡിലെ ചില ഉന്നത നേതാക്കളുടെ പിന്തുണയുണ്ടെന്നാണ് സതീശൻ പക്ഷത്തിന്റെ വിലയിരുത്തൽ. സംസ്ഥാന നേതൃത്വത്തിന്റെ ചുമതലയുള്ള ദീപാ ദാസ് മുൻഷിയുടെ നിലപാടുകളിലും സംഘടനാ പുനസംഘടന നീണ്ടുപോകുന്നതിലും സതീശൻ വിഭാഗത്തിന് സംശയമുണ്ട്.
അടൂർ പ്രകാശ് പരാതി നൽകിയാൽ അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി തിരിച്ചടിക്കാൻ സതീശൻ പക്ഷം നീക്കം തുടങ്ങിയിട്ടുണ്ട്. അതേസമയം നയപരമായ തീരുമാനങ്ങളിൽ മുൻകൂട്ടി കൂടിയാലോചനകൾ വേണമെന്നും പാർട്ടി-സർക്കാർ ഏകോപനത്തിനായി ഉടൻ സമിതി രൂപീകരിക്കണമെന്നുമാണ് വി ഡി സതീശൻ വിരുദ്ധ വിഭാഗത്തിന്റെ ആവശ്യം.
വിഷയത്തിൽ ഹൈക്കമാൻഡിന്റെ അടിയന്തര ഇടപെടൽ പ്രതീക്ഷിക്കുകയാണ് ഇവർ. തീരുമാനങ്ങൾ ഏകപക്ഷീയമായി കൈക്കൊള്ളുന്നുവെന്ന പരാതി നേരിട്ട് ധരിപ്പിക്കുന്നതിനായി അടൂർ പ്രകാശ് തിങ്കളാഴ്ച ഡൽഹിയിലെത്തി എഐസിസി നേതൃത്വത്തെ കാണും.