Banner Ads

മഴ കനത്തു, വാളറ ആർത്തിരമ്പി; ഇടുക്കിയിലേക്ക് ഒഴുകിയെത്തി സഞ്ചാരികൾ

അടിമാലി : കാലവർഷം കനത്തതോടെ ഇടുക്കിയിലെ വെള്ളച്ചാട്ടങ്ങൾ വീണ്ടും സജീവമായി. കൊച്ചി – ധനുഷ്കോടി ദേശീയപാതയോരത്തുള്ള വാളറ വെള്ളച്ചാട്ടം കാഴ്ചയുടെ മനോഹര വിരുന്നാണ് സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്.

ഇടുക്കിയുടെ പ്രവേശന കവാടമായ നേര്യമംഗലത്തുനിന്ന് മലയോര മേഖലയിലേക്ക് കടക്കുമ്പോൾ തന്നെ സന്ദർശകരുടെ മനംകവരുന്ന ദൃശ്യാനുഭൂതിയാണ് വാളറ സമ്മാനിക്കുന്നത്. മൂന്നാറിലേക്കുള്ള യാത്രയിൽ സഞ്ചാരികളുടെ പ്രധാന ഇടത്താവളങ്ങളായ ചീയപ്പാറയും വാളറയും മഴക്കാലമായതോടെ പൂർണ്ണ ശോഭയിലായി.

കൊരങ്ങാട്ടി തലമാലിയിൽ നിന്നുള്ള മലവെള്ളവും ചില്ലിത്തോട്ടിൽ നിന്നുള്ള ജലപ്രവാഹവും ഇരുമ്പുപാലത്ത് സംഗമിച്ച് ദേവിയാർ പുഴയിലൂടെ തൊട്ടിയാർ കവിഞ്ഞാണ് വാളറ കുത്തിലെത്തുന്നത്. ഇതിനുപുറമെ പ്രദേശത്തെ ചെറുതും വലുതുമായ നിരവധി നീർച്ചാലുകളും ഇതിലേക്ക് ഒഴുകിയെത്തുന്നുണ്ട്.

കൊച്ചി – ധനുഷ്കോടി ദേശീയപാതയുടെ ഓരത്തുനിന്ന് തന്നെ വാളറ വെള്ളച്ചാട്ടത്തിന്റെ പൂർണ്ണ ഭംഗി കണ്ടസ്വദിക്കാൻ സാധിക്കും എന്നത് യാത്രാപ്രേമികൾക്ക് വലിയ അനുഗ്രഹമാണ്.

ദിവസേന നൂറുകണക്കിന് സഞ്ചാരികളാണ് ഇവിടെയിറങ്ങി ഫോട്ടോകളും വീഡിയോകളും പകർത്തി മടങ്ങുന്നത്. നേര്യമംഗലം മുതൽ വാളറ വരെയുള്ള വനമേഖലയിൽ സഞ്ചരിക്കുമ്പോൾ കൺകുളിർപ്പിക്കുന്ന നിരവധി ചെറു വെള്ളച്ചാട്ടങ്ങളും നീർച്ചാലുകളും ആസ്വദിക്കാൻ സാധിക്കും.