
തിരുവനന്തപുരം : സാമൂഹ്യക്ഷേമ പെൻഷൻ വിതരണം അട്ടിമറിക്കാനും പൂർണമായി ഇല്ലാതാക്കാനുമുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ. പെൻഷൻ വീടുകളിലെത്തിക്കില്ലെന്ന ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് ബാലഗോപാൽ ആവശ്യപ്പെട്ടു.
ഈ തീരുമാനം ലക്ഷക്കണക്കിന് സാധാരണക്കാരായ മനുഷ്യരെയും നേരിട്ട് ബാങ്കിൽ പോയി പണം വാങ്ങാൻ കഴിയാത്തവരെയും പ്രതികൂലമായി ബാധിക്കും. പകുതിയോളം ആളുകൾ നേരിട്ട് പെൻഷൻ കൈപ്പറ്റുന്നവരാണെന്നും പുതിയ നിർദേശം കാരണം പലർക്കും പെൻഷൻ ലഭിക്കാത്ത സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ബാങ്ക് വഴി പെൻഷൻ നൽകുന്ന മുൻപത്തെ രീതികളിലെ പോരായ്മകൾ പരിഹരിക്കാനാണ് വീടുകളിൽ നേരിട്ടെത്തിക്കുന്ന രീതി നടപ്പാക്കിയത്. കേന്ദ്രസർക്കാരിൽ നിന്ന് ലഭിക്കുന്ന വിഹിതം കുറവാണെങ്കിലും പഴയ രീതിയിലും അത് മുടക്കമില്ലാതെ നൽകാനാകും.
എവിടെയെങ്കിലും ക്രമക്കേടുകളോ പോരായ്മകളോ ഉണ്ടെങ്കിൽ അത് തിരുത്തുകയും തെറ്റ് വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുകയുമാണ് വേണ്ടത്. അല്ലാതെ സംവിധാനം തന്നെ ഇല്ലാതാക്കുന്നത് എലിയെ പേടിച്ച് ഇല്ലം ചുടുന്നതിന് തുല്യമാണ്.
സർവീസ് സംഘടനകളെക്കുറിച്ച് മുഖ്യമന്ത്രി നടത്തിയ പ്രതികരണം ഉണ്ടാകാൻ പാടില്ലാത്തതായിരുന്നുവെന്നും കെഎൻ ബാലഗോപാൽ കൂട്ടിച്ചേർത്തു.