Banner Ads

അടുത്ത രാഷ്ട്രീയ ചുവട് നിർണ്ണായകം; ടിവികെ ജനറൽ ബോഡിയിൽ വിജയ് ഭാവി കാര്യങ്ങൾ തീരുമാനിക്കും

ചെന്നൈ : തമിഴക വെട്രി കഴകം (ടി.വി.കെ.) ജനറൽ ബോഡി യോഗം വിളിച്ച് നടൻ വിജയ്. അടുത്ത മാസം അഞ്ചിന് മഹാബലിപുരത്താണ് യോഗം ചേരുക. അടുത്ത രാഷ്ട്രീയ നീക്കം കരുതലോടെയും ആലോചിച്ചും വേണമെന്നാണ് പ്രവർത്തകർക്കുള്ള കത്തിൽ വിജയ്‌യുടെ നിർദേശം. യോഗത്തിൽ ഭാവി കാര്യങ്ങൾ തീരുമാനിക്കുമെന്നും കത്തിൽ പറയുന്നുണ്ട്.

കരൂർ ദുരന്തത്തിന് ശേഷം പാർട്ടിക്കുള്ളിൽ നിന്നുയർന്ന വിമർശനങ്ങൾക്ക് പിന്നാലെ കഴിഞ്ഞ ദിവസം ടി.വി.കെ.യുടെ നിർവാഹക സമിതി പുനഃസംഘടിപ്പിച്ചിരുന്നു. നിലവിലെ പ്രധാന ഭാരവാഹികളെ നിലനിർത്തി കൂടുതൽ ജില്ലാ സെക്രട്ടറിമാരെ ഉൾപ്പെടുത്തി 28 അംഗ നിർവാഹക സമിതിയാണ് പ്രഖ്യാപിച്ചത്.

ബുസി ആനന്ദ് ജനറൽ സെക്രട്ടറിയായി തുടരും. കരൂർ ദുരന്തത്തിൽ അറസ്റ്റുചെയ്യപ്പെട്ട കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനും പുതിയ സമിതിയിലുണ്ട്. ആനന്ദ് അടക്കമുള്ള നേതാക്കൾക്കെതിരെ പാർട്ടിയുടെ സൈബർ പോരാളികൾ വിജയ്‌ക്ക് തുറന്ന കത്ത് അയച്ചിരുന്നു.

കരൂർ അപകടത്തിനുശേഷം കുറച്ചുകാലം പനയൂരിലെ ഓഫീസിലും നീലങ്കരൈയിലെ വസതിയിലുമായി കഴിഞ്ഞിരുന്ന വിജയ് തമിഴ്‌നാട് രാഷ്ട്രീയത്തിൽ വീണ്ടും സജീവമാകാനുള്ള ഒരുക്കത്തിലാണ്. നെൽകൃഷി നശിക്കുന്ന വിഷയത്തിൽ ഡിഎംകെ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി അദ്ദേഹം രംഗത്തെത്തി.

ചൊവ്വാഴ്ച ഇറക്കിയ രണ്ട് പേജുള്ള പ്രസ്താവനയിലാണ് അദ്ദേഹം എംകെ സ്റ്റാലിൻ്റെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ ആഞ്ഞടിച്ചത്. കനത്ത മഴയിൽ നെൽകൃഷി നശിച്ച കർഷകരുടെ ഉപജീവനമാർഗം സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് വിജയ് കുറ്റപ്പെടുത്തി. ദരിദ്രരുടെ ദുരവസ്ഥയോട് സംസ്ഥാന സർക്കാർ കാണിക്കുന്നത് കടുത്ത അവഗണനയും നിസ്സംഗതയുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.