
പത്തനംതിട്ട : മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിൻ്റെ അറസ്റ്റിന് പിന്നാലെ ദേവസ്വം മന്ത്രി രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ രാജീവ് ചന്ദ്രശേഖർ. സ്വർണക്കൊള്ള നടന്നത് സിപിഎമ്മിൻ്റെ അറിവോടെയാണ്. ഇത് രാഷ്ട്രീയ അഴിമതി തന്നെയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ അറിയാതെ ഇത് നടക്കില്ല. അമ്പലത്തിൽ നിന്ന് സ്വർണം കട്ടവർ എന്തെല്ലാം അഴിമതി നടത്തിയിട്ടുണ്ടാകുമെന്നും അദ്ദേഹം ചോദിച്ചു.
ബിജെപി ശക്തമായ സമരം സംഘടിപ്പിക്കും. സർക്കാരിന് ബോർഡുകളെയും വിശ്വാസികളെയും സംരക്ഷിക്കാൻ പറ്റുന്നില്ലെങ്കിൽ ദേവസ്വം ഭരണം കേന്ദ്ര സർക്കാരിനെ ഏൽപ്പിക്കണം. ഈ നിലപാട് കേന്ദ്രത്തെ അറിയിക്കാൻ താൻ തയ്യാറാണ്. ദേവസ്വം ഭരണം കൺകറൻ്റ് ലിസ്റ്റിൽ പെടുന്നതിനാൽ സംസ്ഥാന സർക്കാർ കേന്ദ്ര ഏജൻസിയുടെ അന്വേഷണം (സിബിഐ) ആവശ്യപ്പെടണം.
കഴിഞ്ഞ ദിവസങ്ങളിൽ ശബരിമലയിൽ നടന്ന സംഭവങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. കുടിവെള്ളവും ഭക്ഷണവും കിട്ടാതെ ഭക്തർക്ക് നിൽക്കേണ്ടി വന്നത് മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത സാഹചര്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.