Banner Ads

മായാത്ത ഈണങ്ങളുടെ മജീഷ്യൻ; ജോൺസൺ മാഷിന്റെ ഓർമകൾക്ക് 15 ആണ്ട്

മലയാളിയുടെ മനോഹരമായ ഓർമകളിലും ഗൃഹാതുരത്വത്തിലും മായാത്ത മുത്തുകളായി തിളങ്ങിനിൽക്കുകയാണ് ജോൺസൺ മാഷിന്റെ സംഗീതം. മഴയും കട്ടൻചായയും ജോൺസൺ മാഷിന്റെ പാട്ടുകളും ചേരുമ്പോൾ മലയാളി അനുഭവിച്ചറിയുന്ന ആ സുഖം കാലമെത്ര കഴിഞ്ഞാലും മങ്ങാത്ത ഒന്നാണ്.

മലയാള സിനിമയുടെ എൺപതുകളെയും തൊണ്ണൂറുകളെയും സംഗീതസാന്ദ്രമാക്കിയ ആ മജീഷ്യൻ സിനിമയുടെ പശ്ചാത്തല സംഗീതത്തിന് പുതിയൊരു മാനം തന്നെ നൽകി.

മണിച്ചിത്രത്താഴ് എന്ന ചിത്രത്തിൽ നാഗവല്ലിയുടെ തെക്കിനിയിൽ നിന്നുയർന്ന ആ ഭീതിദമായ ഈണവും തൂവാനത്തുമ്പികളിൽ ജയകൃഷ്ണന്റെയും ക്ലാരയുടെയും പ്രണയത്തിനൊപ്പം പെയ്തിറങ്ങിയ ആ ഐക്കോണിക് സംഗീതവും മലയാളിയുടെ കാതുകളിൽ എന്നും മുഴങ്ങുന്നവയാണ്.

നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകളിലെ സോളമന്റെയും സോഫിയയുടെയും പ്രണയത്തിനും കിരീടം, ദശരഥം, ചെങ്കോൽ, സദയം എന്നീ ചിത്രങ്ങളിലെ നോവിക്കുന്ന നിമിഷങ്ങൾക്കും ജീവൻ നൽകിയത് ജോൺസൺ മാഷിന്റെ പശ്ചാത്തല സംഗീതമായിരുന്നു.

വന്ദനം, താളവട്ടം, ചിത്രം തുടങ്ങിയ സിനിമകളിലെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇന്നും നമ്മുടെ മനസ്സിൽ പുതുമയോടെ നിലനിൽക്കുന്നു. കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി, മന്ദാരച്ചെപ്പുണ്ടോ, മധുരം ജീവാമൃതബിന്ദു, സ്വർണമുകിലേ, ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകം തുടങ്ങി ഹൃദയത്തിലേക്ക് നേരിട്ടിറങ്ങിയ എത്രയോ പാട്ടുകളുടെ സ്രഷ്ടാവാണ് അദ്ദേഹം.

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, വടക്കുനോക്കിയന്ത്രം, ഞാൻ ഗന്ധർവൻ, ചമയം തുടങ്ങി അദ്ദേഹം സംഗീതം പകർന്ന ചിത്രങ്ങളെല്ലാം തന്നെ മലയാളികളുടെ പ്രിയപ്പെട്ടവയായി മാറി. ഏതോ ജന്മകല്പനയിലെന്നപോലെ ഇനിയും ഏറെ ഈണങ്ങൾ ബാക്കിവെച്ച് ഒരു നാൾ ശുഭരാത്രി നേർന്ന് അദ്ദേഹം നടന്നകന്നു.

ജോൺസൺ മാഷ് എന്ന സംഗീത മാന്ത്രികൻ തീർത്ത വിടവിന് 15 ആണ്ട് തികയുകയാണ്. എങ്കിലും ആ ഒപ്പറ്റ ജോൺസൺ ടച്ച് ഓരോ മലയാളി ഹൃദയത്തിലും എന്നും അമരമായി നിലനിൽക്കും.