കോട്ടയം: നിയന്ത്രണം നഷ്ടപ്പെട്ട 108 ആംബുലൻസ് കാറിലിടിച്ച് മറിഞ്ഞു നഴ്‌സ് മരിച്ചു.അപകടത്തിൽ ആംബുലൻസ് ഡ്രൈവറും രോഗികളും അടക്കം മൂന്നു പേർക്ക് പരിക്കേറ്റു. പരിക്കേറ്റ ആംബുലൻസ് യാത്രക്കാരായ ഇടുക്കി നെടുങ്കണ്ടം സ്വദേശികളായ ഷിനി, തങ്കമ്മ എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കട്ടപ്പന സ്വദേശിയായ മെയിൽ നഴ്‌സ് ജിതിൻ ആണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ ഏറ്റുമാനൂർ പാലാ റോഡിൽ പുന്നത്തുറ കവലയ്ക്ക് സമീപമായിരുന്നു സംഭവം. ഇടുക്കിയിൽ നിന്നും രോഗിയെയുമായി എത്തിയ 108 ആംബുലൻസ് നിയന്ത്രണം നഷ്ടമായി റോഡരികിൽ നിന്നും തെന്നി മാറി എതിർ ദിശയിൽ നിന്നും എത്തിയ കാറിൽ ഇടിച്ച് മറിയുകയായിരുന്നു.
അപകടത്തിൽ ആംബുലൻസിന്റെ ഒരു ഭാഗം പൂർണമായും തകർന്നു. കാറിനും സാരമായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റവരെ മൂന്നു വാഹനങ്ങളിലായി ആശുപത്രിയിലേയ്ക്കി മാറ്റിയത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. അപകടത്തെ തുടർന്ന് ഏറ്റുമാനൂർ പാലാ റോഡിൽ ഗതാഗത തടസവും ഉണ്ടായി.