കൊച്ചി: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിലെ ഇന്നലെ ആനയിടഞ്ഞുണ്ടായ അപകടത്തില്‍ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി.വിഷയത്തില്‍ ഗുരുവായൂര്‍ ദേവസ്വം മാനേജിങ് കമ്മിറ്റി, വനംവകുപ്പ് എന്നിവരോട് കോടതി വിശദീകരണം തേടി. ഗുരുവായൂര്‍ ദേവസ്വം ലൈവ് സ്റ്റോക് ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ തിങ്കളാഴ്ച നേരിട്ടു ഹാജരായി വിശദീകരണം നല്‍കണo എന്നാണ് ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, എസ് മുരളീ കൃഷ്ണ എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു.
ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഇടഞ്ഞ ആനകള്‍. രണ്ട് ആനകളുടെ ഉള്‍പ്പെടെ ഫീഡിങ് റജിസ്റ്റര്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ റജിസ്റ്റര്‍, മറ്റു റജിസ്റ്ററുകള്‍ തുടങ്ങിയവ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. ദൂരസ്ഥലങ്ങളിലേക്ക് ആനകളെ കൊണ്ടുപോകാന്‍ അനുമതി നല്‍കുന്നത് എന്തുകൊണ്ടാണെന്ന് വാദത്തിനിടെ കോടതി ആരാഞ്ഞു. ആരെയാണ് കുറ്റപ്പെടുത്തേണ്ടത്, ആര്‍ക്കെതിരെയാണ് കേസെടുക്കേണ്ടതെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.അതേസമയം, ആനയെ എഴുന്നള്ളിച്ചതില്‍ നാട്ടാന പരിപാലന ചട്ടങ്ങളുടെ ലംഘനമുണ്ടായെന്ന് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ റിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ട് വനംമന്ത്രിക്ക് കൈമാറിയതായും അവര്‍ അറിയിച്ചു. ക്ഷേത്രത്തിന് എഴുന്നള്ളത്ത് നടത്താനുള്ള അനുമതി റദ്ദാക്കണമെന്ന് നിര്‍ദേശിച്ചതായും കീര്‍ത്തി വ്യക്തമാക്കി.