Banner Ads

നിയമത്തിന്റെ കൈകൾ നീണ്ടു: തട്ടിപ്പ് കേസിൽ കോടതിയെ വെട്ടിച്ച് 36 വർഷം ഒളിച്ചു കഴിഞ്ഞ പ്രതി അറസ്റ്റിൽ

കായംകുളം: 1989-ൽ കായംകുളം പോലീസ് രജിസ്റ്റർ ചെയ്ത തട്ടിപ്പ് കേസിൽ, ദീർഘകാലമായി കോടതിയിൽ ഹാജരാകാതെ മുങ്ങിനടന്ന പ്രതിയെ 36 വർഷത്തിനുശേഷം അറസ്റ്റ് ചെയ്തു. ചമ്പക്കുളം വില്ലേജിൽ നടുഭാഗം മുറിയിൽ കീച്ചേരിൽ വീട്ടിൽ രാജൻ എന്ന് വിളിക്കുന്ന രാജപ്പൻ നായരെയാണ് കായംകുളം പോലീസ് പിടികൂടിയത്.

കേസിൽ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് രാജപ്പൻ നായർക്കെതിരെ കോടതി എൽ.പി. (ലോങ് പെൻഡിങ്) വാറണ്ട് പുറപ്പെടുവിച്ചിരുന്നു.ഈയിടെ കേസ് വീണ്ടും എടുത്ത് അന്വേഷിച്ച പോലീസിന്, പ്രതി കൊട്ടാരക്കരയിലുണ്ടെന്ന വിവരം ലഭിച്ചു.കൊട്ടാരക്കരക്ക് അടുത്ത് ചെങ്ങമനാട് എന്ന സ്ഥലത്ത് ഓട്ടോറിക്ഷ ഓടിച്ചാണ് ഇയാൾ ജീവിച്ചിരുന്നത്. ഇവിടെ നടത്തിയ അന്വേഷണത്തിനൊടുവിൽ പോലീസ് പ്രതിയെ പിടികൂടി.

കായംകുളം ഡി.വൈ.എസ്.പി. ബിനുകുമാറിൻ്റെ മേൽനോട്ടത്തിൽ സി.ഐ. അരുൺ ഷാ, എസ്.ഐ. മുഹമ്മദ് ബഷീർ, പോലീസുകാരായ പ്രവീൺ, മോനിഷ്, അനന്തകൃഷ്ണൻ, ആലപ്പുഴ സൈബർ സെല്ലിലെ അഭിജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.രാജപ്പൻ നായർക്കെതിരായ കേസിൻ്റെ വിശദാംശങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.