
പാലക്കാട്: 57മത് സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് പാലക്കാട് തുടക്കമായി. വിദ്യാഭ്യാസ മന്ത്രി ബി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ശാസ്ത്രമേളകൾ ഏറെ പ്രധാനപ്പെട്ടതാണെന്ന് പറഞ്ഞ മന്ത്രി അടുത്തവർഷം മുതൽ ശാസ്ത്രമേളയിൽ വിജയികളാകുന്ന ജില്ലയ്ക്ക് സ്വർണക്കപ്പ് സമ്മാനം ഏർപ്പെടുത്തുമെന്ന് പറഞ്ഞു. മേളയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് നൽകുന്ന സമ്മാനത്തുകയും അടുത്തവർഷം മുതൽ വർദ്ധിപ്പിക്കും.
കേരളത്തിൻറെ മതേതര പാരമ്പര്യം ഉൾക്കൊണ്ട് സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഒരു പൊതു പ്രാർത്ഥന ഉണ്ടാവേണ്ടതിനെ കുറിച്ച് ആലോചിക്കണം എന്നും അതിന് ശാസ്ത്രമേള വേദിയാകട്ടെ എന്നും പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിച്ചു. ശാസ്ത്രനേട്ടങ്ങളെ ഉപയോഗപ്പെടുത്തുകയും ശാസ്ത്രത്തെ നിരാകരിക്കുകയും ചെയ്യുന്ന പ്രവണത വർദ്ധിച്ചുവരുന്നത് ആശങ്കാജനകമാണെന്ന് അദ്ദേഹം പറഞ്ഞു.
എംഎൽഎമാരായ രാഹുൽ മാങ്കൂട്ടത്തിൽ, എ പ്രഭാകരൻ, കെ ഡി പ്രസേനൻ, പി മമ്മി കുട്ടി, കെ ശാന്തകുമാരി,എൻ ഷംസുദ്ദീൻ, ജില്ലാ കളക്ടർ മാധവിക്കുട്ടി എം എസ് എന്നിവർക്കൊപ്പം വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. ഇന്നുമുതൽ 10 വരെയാണ് പാലക്കാട് വിവിധ വേദികളിലായി മേള നടക്കുന്നത്