ന്യൂഡല്‍ഹി : നാവികസേനയിലെ പെണ്‍കരുത്ത് INS തരിണിയില്‍ ലോകം ചുറ്റിവരാൻ തയാറായി. ഇന്നാരംഭിച്ച നാവിക സാഗർ പരിക്രമ രണ്ടാം ഘട്ടത്തിന്റെ ഭാഗമാകുന്നത് രണ്ട് വനിതാ ഉദ്യോഗസ്ഥരാണ്. വനിതാ നാവികരായ ലെഫ്റ്റനന്റ് കേഡർ രൂപയും ലെഫ്റ്റനന്റ് കേഡർ ദില്‍നയും നേതൃത്വം നല്‍കുന്നത് 8 മാസം നീണ്ടുനിന്ന വെല്ലുവിളി നിറഞ്ഞ ദൗത്യത്തിനാണ്.
പനാജിക്ക് സമീപത്തുള്ള ഐഎൻഎസ് മണ്ഡോവിയിലെ നേവല്‍ ഓഷ്യൻ സെയിലിംഗ് നോഡില്‍ നിന്നാണ് യാത്ര തുടങ്ങിയത്. ദൗത്യം ഫ്ലാഗ് ഓഫ് ചെയ്‌തത് നാവിക സേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ ത്രിപാഠിയാണ്. മെയ് 25 ഓട്കൂടി ഇരുവരും ദൗത്യം പൂർത്തിയാക്കി തിരിച്ചെത്തും. ഏകദേശം 40,000 കിലോമീറ്ററിലധികം ദൂരം യാത്രയുടെ ഭാഗമായി ഇവർ സഞ്ചരിക്കും.
ദൗത്യം ഫ്ലാഗ് ഓഫ് ചെയ്ത നാവിക സേനാ മേധാവി പറഞ്ഞത് വനിതാ നാവിക ഉദ്യോഗസ്ഥർ ഇന്നത്തെ ഇന്ത്യയുടേയും നാവികസേനയുടേയും ആത്മവിശ്വാസത്തെയും ധൈര്യത്തെയും പ്രതിനിധീകരിക്കുന്നുവെന്നാണ്. ദില്‍നയുടേയും രൂപയുടേയും അനുഭവകഥകള്‍ ഓരോ ഇന്ത്യൻ സ്ത്രീക്കും തടസങ്ങള്‍ മറികടക്കാനും സ്ത്രീ ശക്തിയെ പുനർനിർവചിക്കാനും പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.