
തിരുവനന്തപുരം : കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻരാജിന്റെ മരണത്തിൽ പോലീസും സർക്കാരും പ്രതികളെ സംരക്ഷിക്കുകയാണെന്ന് നിതിൻരാജിന്റെ അച്ഛൻ രാജൻ. കേസിൽ പോലീസ് അനുകൂല നിലപാടല്ല സ്വീകരിക്കുന്നതെന്നും അന്വേഷണം അട്ടിമറിക്കാൻ ഒത്തുകളി നടക്കുന്നുണ്ടെന്നും രാജൻ മാധ്യമങ്ങളോട് പറഞ്ഞു.
ഡോക്ടർ സംഗീതയ്ക്ക് പോലീസ് സ്റ്റേഷനിൽ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചതെന്നും ഡോക്ടർ റാമിനെ പിടികൂടാൻ പോലീസ് യാതൊരു ശ്രമവും നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട രേഖകളോ സിസിടിവി ദൃശ്യങ്ങളോ പോലീസ് നൽകുന്നില്ല. പ്രിൻസിപ്പലിന്റെ മുറിയിലെ ദൃശ്യങ്ങൾ മാത്രമാണ് തന്നെ കാണിച്ചത്.
കൃത്യമായ രേഖകൾ ലഭിക്കാത്തതിനാൽ കോടതിയെ സമീപിക്കാൻ കഴിയുന്നില്ല. നീതിക്കായി കഴിഞ്ഞ ആറുദിവസമായി ഡിഐജി, കമ്മീഷണർ ഓഫീസുകൾ കയറിയിറങ്ങുകയാണ്. മകന്റെ മരണത്തിൽ നീതിക്ക് പകരം അനീതിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് രാജൻ കൂട്ടിച്ചേർത്തു.