കണ്ണൂർ : തറവാട് ക്ഷേത്രങ്ങളിലും കാവുകളിലും ഇനി തെയ്യങ്ങളുടെ ഉറഞ്ഞാട്ടത്തിന്റെ ദിനങ്ങൾ. ഭക്തമാനസങ്ങളെ കീഴടക്കാൻ തെയ്യങ്ങൾ അരങ്ങിലെത്താൻ ഒരുങ്ങി. സാധാരണയായി തുലാം പത്തിനാണ് തെയ്യക്കാലം ആരംഭിക്കാറെങ്കിലും പയ്യന്നൂരിലും പരിസരങ്ങളിലുമുള്ള തറവാട് ക്ഷേത്രങ്ങളിൽ തുലാം ഒന്നിന് (ഒക്ടോബർ 18) തന്നെ തെയ്യങ്ങൾ അരങ്ങിലെത്തും.
പയ്യന്നൂർ തെക്കെ മമ്പലത്തെ തെക്കടവൻ തറവാട്ടിൽ തുലാം ഒന്നിനും രണ്ടിനുമാണ് (ഒക്ടോബർ 18, 19) പുത്തരി കളിയാട്ടം നടക്കുന്നത്. തുലാം ഒന്നിന് രാത്രിയോടെ മോന്തിക്കോലവും കുറത്തിയമ്മയും തറവാട്ട് മുറ്റത്ത് എത്തും. തുലാം രണ്ടിന് രാവിലെ കുണ്ടോർ ചാമുണ്ഡിയും മറ്റ് തെയ്യക്കോലങ്ങളും തറവാട്ട് മുറ്റത്ത് നൃത്തമാടും.
ഇതോടെ പയ്യന്നൂരിലെ തറവാട് ക്ഷേത്രങ്ങളിൽ കളിയാട്ടത്തിന് തുടക്കമാകും. തുലാം 27 വരെ നിരവധി തറവാട് ക്ഷേത്രങ്ങളിൽ കളിയാട്ടം നടക്കും. ഇതിനുശേഷം പയ്യന്നൂരിന്റെ മുഴുവൻ പെരുമാളായ പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ആരാധന ഉത്സവത്തിന് ഇടവേള നൽകിയ ശേഷം കാവുകളിലും കോട്ടങ്ങളിലും തെയ്യങ്ങളുടെ ഉറഞ്ഞാട്ടം വീണ്ടും ആരംഭിക്കും.