കൊച്ചി : മുകേഷിന്റെ ബലാത്സംഗ കേസിലെ പരാതിക്കാരിയായ നടി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നു. മുൻകൂർ ജാമ്യം വേണമെന്ന ആവശ്യവുമായാണ് ഹർജി നൽകിയിരിക്കുന്നത്. തനിക്കെതിരായിട്ടുള്ള കേസുകള്‍ കെട്ടിച്ചമച്ചതാണെന്നാണ് നടി ഹർജിയില്‍ പറയുന്നത്. തന്റെ കേസിലുള്ള ആരോപണവിധേയരായവരും അന്വേഷണ സംഘവുമാണ് അജ്ഞാത കേസിനു പിന്നിലുള്ളതെന്നാണ് നടി ആരോപിക്കുന്നത്. അറസ്റ്റ് ചെയ്യുമെന്ന് ഭയമുണ്ടെന്നും മുൻകൂർ ജാമ്യം ആവശ്യമുണ്ടെന്നും നടി ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
ആലുവ സ്വദേശിനിയായ നടിക്കെതിരായി കഴിഞ്ഞ ദിവസമാണ് ബന്ധു പരാതിയുമായി രംഗത്ത് വരുന്നത്. മുകേഷ്, ജയസൂര്യ, എന്നിവരുൾപ്പെടെ ഏഴ് പേർക്കെതിരെയാണ് ലൈംഗികാരോപണം ഉന്നയിച്ചത് നടി. ഈ കേസില്‍ നടപടികള്‍ പുരോഗമിച്ച് കൊണ്ടിരിക്കുന്നതിനിടെയാണ് പരാതിയുമായി ബന്ധുവായ മൂവാറ്റുപുഴ സ്വദേശിനി എത്തുന്നത്. 26-കാരിയായ ബന്ധുവിന്റെ പരാതിയിൽ പറയുന്നത് സിനിമയുടെ ഒഡിഷനില്‍ പങ്കെടുക്കാം എന്ന് പറഞ്ഞ് തന്നെ ചെന്നൈയിലെത്തിച്ചിട്ടു സെക്സ് മാഫിയക്ക് മുന്നില്‍ കാഴ്ചവച്ചുവെന്നാണ്.
തനിക്ക് 16 വയസുള്ളപ്പോളാണ് ഈ സംഭവം നടക്കുന്നതെന്നാണ് യുവതി പറയുന്നത്. ചെറിയൊരു അഡ്ജസ്റ്റ്മെന്റിന് തയാറായാൽ ഭാവി സുരക്ഷിതമാകുമെന്നായിരുന്നു നടി തന്നോട് പറഞ്ഞത് എന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. ഇത് സമ്മതിക്കാഞ്ഞ പെണ്‍കുട്ടി ബഹളം വയ്ക്കുകയും ഹോട്ടലില്‍ നിന്ന് ഇറങ്ങിപോവുകയും ചെയ്തു. തന്നെ മാത്രമല്ല കുറെ പെണ്‍കുട്ടികളെ നടി ലൈംഗിക അടിമകളാക്കിയെന്നും നടി സെക്സ് മാഫിയയുടെ ഭാഗമാണെന്നും മൂവാറ്റുപുഴ സ്വദേശിനിയായ പെണ്‍കുട്ടി ആരോപിക്കുന്നു. സംഭവത്തില്‍ ഡിജിപിക്കും മുഖ്യമന്ത്രിക്കും യുവതി പരാതി കൊടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തലത്തിലാണ് മുൻകൂർ ജാമ്യാപേക്ഷയുമായി നടി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.