Banner Ads

കെ.എസ്.ആർ.ടി.സി.യിൽ താത്കാലിക നിയമനം; എക്‌സിക്യൂട്ടീവ് എഞ്ചിനീയർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.

തിരുവനന്തപുരം : കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ (കെ.എസ്.ആർ.ടി.സി) എക്‌സിക്യൂട്ടീവ് എഞ്ചിനീയർ തസ്തികയിൽ അവസരം. അതും 60,000 ശമ്പളത്തിൽ . കേരള സര്‍ക്കാരിന്റെ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് വഴിയാണ് നിയമനം . കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് ഇപ്പോള്‍ നടത്തുന്നത്.

60 വയസ് വരെയാണ് പ്രായപരിധി. സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിഇ/ ബിടെക് അല്ലെങ്കില്‍ തത്തുല്യം ഉള്ളവർക്ക് അപേക്ഷിക്കാം. അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള യോഗ്യത മാത്രമേ പരിഗണിക്കൂ. പിഡബ്ല്യൂഡിയിലോ മറ്റ് പൊതുമേഖല സ്ഥാപനങ്ങളിലോ എക്‌സിക്യൂട്ടീവ് എഞ്ചിനീയറായി 5 വര്‍ഷത്തെ ജോലി പരിചയം ഉണ്ടായിരിക്കണം.

അല്ലെങ്കില്‍ സമാനമായ സ്ഥാപനങ്ങളില്‍ 7 വര്‍ഷം അസിസ്റ്റന്റ് എഞ്ചിനീയറായി ജോലി ചെയ്തവരോ ആയിരിക്കണം. അപേക്ഷകരില്‍ നിന്ന് യോഗ്യത മാനദണ്ഡങ്ങള്‍ പാലിക്കുന്നവരെ ഉള്‍പ്പെടുത്തി ലിസ്റ്റ് തയ്യാറാക്കിയ ശേഷം എഴുത്ത് പരീക്ഷയോ, ഇന്റര്‍വ്യൂവോ നടത്തിയാണ് നിയമനം നടത്തുക.

അപേക്ഷ സമർപ്പിക്കുന്നതിനായി സിഎംഡി വെബ്‌സൈറ്റ് https://cmd.kerala.gov.in/ സന്ദര്‍ശിക്കുക. ഹോം പേജിലെ നോട്ടിഫിക്കേഷന്‍ ലിങ്കില്‍ റിക്രൂട്ട്‌മെന്റ് സെക്ഷന്‍ തിരഞ്ഞെടുക്കുക. കെഎസ്‌ആര്‍ടിസി- എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ തസ്തിക സെലക്‌ട് ചെയ്ത് നേരിട്ട് അപേക്ഷിക്കാം.