
തിരുവനന്തപുരം : സംസ്ഥാനത്ത് കടുത്ത ഉഷ്ണതരംഗത്തിനും ഉയർന്ന താപനിലയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാം. കാലവർഷത്തിലെ കുറവും എൽ നിനോ പ്രതിഭാസത്തിന്റെ സ്വാധീനവുമാണ് വരണ്ട കാലാവസ്ഥയ്ക്കും കടുത്ത ചൂടിനും കാരണം.
സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങൾ കർശന ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. രാവിലെ 11 മണി മുതൽ വൈകിട്ട് 3 മണി വരെയുള്ള സമയത്ത് നേരിട്ട് വെയിൽ കൊള്ളുന്നത് പൂർണമായി ഒഴിവാക്കുക.
ദാഹമില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കുക. ORS, സംഭാരം, ഫലവർഗങ്ങൾ എന്നിവ കൂടുതലായി ഉപയോഗിക്കുക. മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവ പകൽ സമയത്ത് ഒഴിവാക്കുക. അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രങ്ങളും പുറത്തിറങ്ങുമ്പോൾ പാദരക്ഷകളും കുട/തൊപ്പിയും ഉപയോഗിക്കുക.
ഉച്ചസമയത്ത് തുറസ്സായ സ്ഥലത്തെ അസംബ്ലികളും ഉല്ലാസയാത്രകളും ഒഴിവാക്കുക. ക്ലാസ് മുറികളിലും പരീക്ഷാ ഹാളുകളിലും ആവശ്യത്തിന് കുടിവെള്ളവും വായുസഞ്ചാരവും ഉറപ്പാക്കണം. പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, കിടപ്പുരോഗികൾ എന്നിവർ വെയിൽ ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
മാർക്കറ്റുകൾ, ഡംപിങ് യാർഡുകൾ, വനമേഖലകൾ എന്നിവിടങ്ങളിൽ കടുത്ത ചൂട് കാരണം തീപിടുത്ത സാധ്യതയേറെയാണ്. തക്കതായ സുരക്ഷാ പരിശോധനകൾ നടത്തണം.