Banner Ads

തേയിലയാണോ ലഹരിയാണോ; കോഴിക്കോട് ഓൺലൈൻ ഡീലറെ കുടുക്കി പോലീസ്, കണ്ടെടുത്തത് എംഡിഎംഎയും പൈപ്പുകളും

കോഴിക്കോട് : ഓൺ‌ലൈൻ തേയിലക്കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ വിൽപന പതിവാക്കിയ യുവാവിനെ സ്പെഷ്യൽ സ്ക്വാഡും കൊടുവള്ളി പോലീസും ചേർന്ന് പിടികൂടി. കൊടുവള്ളി കളരാന്തിരി സ്വദേശി വട്ടിക്കുന്നുമ്മൽ മുഹമ്മദ് ഡാനിഷാണ് (28) പിടിയിലായത്. പ്രതിയുടെ വീട്ടിൽ കഴിഞ്ഞ ദിവസം പുലർച്ചെ നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കൾ കണ്ടെടുത്തത്.

ഇയാളില്‍ നിന്ന് 2.69 ഗ്രാം എംഡിഎംഎയും ലഹരി ഉപയോഗിക്കുന്നതിനായുള്ള 340ഓളം പൈപ്പുകളും (ബോംഗ്) കണ്ടെത്തിയിട്ടുണ്ട്. തേയിലക്കച്ചവടത്തിന്റെ മറവിലാണ് ഡാനിഷ് ലഹരിവസ്തുക്കളുടെ വിൽപന നടത്തിവന്നിരുന്നത്. ലഹരി ഉൽപ്പന്നങ്ങൾ തേയിലയെന്ന വ്യാജേന കൊറിയർ വഴിയാണ് ഇയാൾ ആവശ്യക്കാർക്ക് അയച്ചുകൊടുത്തിരുന്നത്.

സ്പെഷ്യൽ സ്ക്വാഡ് എസ് ഐ രാജീവ് ബാബു, എ എസ് ഐ ജയരാജൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജിനീഷ്, രതീഷ് കുമാർ, ഹനീഷ്, ഷിജു, കൊടുവള്ളി എസ് ഐ വിനീത് വിജയൻ, സി പി ഒ എം കെ ഷിജു, രമ്യ, വാസു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.