Banner Ads

തമിഴകം പോരാട്ട ചൂടിൽ; സ്റ്റാലിന് പിന്നിൽ അണിനിരന്ന് ബിഷപ്പുമാർ, പത്രിക നൽകി സ്റ്റാലിനും വിജയ്‍യും

ചെന്നൈ : തമിഴ്‌നാട്ടിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിയുന്നതിനിടെ മുഖ്യമന്ത്രി എംകെ സ്റ്റാലിന് പൂർണ്ണ പിന്തുണയുമായി ക്രൈസ്തവ സഭാ നേതൃത്വം. റോമൻ കത്തോലിക്ക, സിറോ മലബാർ, ലാറ്റിൻ, സിഎസ്ഐ, യാക്കോബായ, ലൂഥറൻ, ഇവാഞ്ചലിക്കൽ സഭകളിലെ ബിഷപ്പുമാരും വൈദികരും സ്റ്റാലിനെ നേരിൽ കണ്ടാണ് പിന്തുണ അറിയിച്ചത്.

രാജ്യത്ത് മതനിരപേക്ഷത സംരക്ഷിക്കുന്ന ഏക മുഖ്യമന്ത്രി സ്റ്റാലിനാണെന്ന് ബിഷപ്പുമാർ പറഞ്ഞു. നാമനിർദേശ പത്രികാ സമർപ്പണം തുടങ്ങിയ ആദ്യ ദിവസം തന്നെ സ്റ്റാലിനും വിജയ്‌യും പത്രികകൾ സമർപ്പിച്ചു. സ്വന്തം മണ്ഡലമായ കൊളത്തൂരിലാണ് സ്റ്റാലിൻ പത്രിക നൽകിയത്. വൻതോതിൽ സ്ത്രീകളെ അണിനിരത്തി നടത്തിയ റോഡ് ഷോയിലൂടെ ഡിഎംകെ കരുത്ത് പ്രകടിപ്പിച്ചു. മത്സരം ഡൽഹിയും തമിഴ്‌നാടും തമ്മിലാണ്.

എതിരാളികൾ ആരായാലും ഡിഎംകെ ജയിക്കുമെന്ന് സ്റ്റാലിൻ പറഞ്ഞു. രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്ന വിജയ് ചെന്നൈ പെരമ്പൂരിലാണ് ഇന്ന് പത്രിക നൽകിയത്. ടിവികെ പ്രവർത്തകർക്കൊപ്പം റോഡ് ഷോയും നടത്തി. സ്റ്റാലിന്റെ മണ്ഡലമായ കൊളത്തൂരിൽ അടക്കം ഇന്ന് വിജയ് പൊതുയോഗങ്ങളിൽ പങ്കെടുക്കും.