
കായംകുളം: മോഷണക്കുറ്റം ആരോപിച്ച് കായംകുളത്ത് കന്യാകുമാരി സ്വദേശിയായ ഷിബു (49) എന്ന മധ്യവയസ്‌കനെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തി. സജി എന്നും ഇയാൾ അറിയപ്പെട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേർക്കെതിരെ പോലീസ് കേസെടുത്തു.ഇന്നലെ രാത്രിയാണ് നാടിനെ നടുക്കിയ ക്രൂരമായ സംഭവം നടന്നത്. അയൽവാസിയായ വിഷ്ണുവിന്റെ രണ്ട് വയസ്സുള്ള മകളുടെ സ്വർണാഭരണം (കൈ ചെയിൻ) കാണാതായെന്നും അത് മോഷ്ടിച്ചത് ഷിബു ആണെന്നും ആരോപിച്ചാണ് ഒരു സംഘം ഇയാളെ ആക്രമിച്ചത്.
റോഡിലൂടെ നടന്നുപോവുകയായിരുന്ന ഷിബുവിനെ സംഘം തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയായിരുന്നു. ഷിബു മോഷണ വിവരം നിഷേധിച്ചതോടെ കൂടുതൽ പേർ സ്ഥലത്തെത്തി വളഞ്ഞിട്ട് ക്രൂരമായി മർദിച്ചു.എഫ്.ഐ.ആറിൽ പറയുന്നതനുസരിച്ച്, രതീഷ്, ശ്രീശാന്ത്, കനി, വിഷ്ണു തുടങ്ങി ഏഴുപേർ ചേർന്നാണ് ഷിബുവിനെ മർദിച്ചത്.മർദനത്തിനിടെ ഷിബു കനാലിൽ വീണു. എന്നാൽ, കരയിലേക്ക് വലിച്ചു കയറ്റിയ ശേഷവും സംഘം മർദനം തുടർന്നു.
നെഞ്ചിലും മുഖത്തും ഇടിക്കുകയും ചവിട്ടുകയും ചെയ്താണ് പ്രതികൾ കൊലപാതകം നടത്തിയത്.ഗുരുതരമായി പരിക്കേറ്റ ഷിബുവിനെ ആദ്യം കായംകുളത്തെ ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. അവിടെ വെച്ചാണ് മരണം സംഭവിച്ചത്. മർദനത്തിനിടെ ഷിബുവിന് ഹൃദയാഘാതം ഉണ്ടായതായും പോലീസ് സംശയിക്കുന്നുണ്ട്. സംഭവത്തിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.