Banner Ads

തെരുവുനായ ശല്യം സുപ്രീം കോടതിക്ക് കടുത്ത അതൃപ്തി; കേരളം അടക്കം എല്ലാ ചീഫ് സെക്രട്ടറിമാരും ഹാജരാകണം

ദില്ലി : രാജ്യത്ത് വർധിച്ചു വരുന്ന തെരുവുനായ ആക്രമണ വിഷയത്തിൽ മറുപടി നൽകാത്തതിൽ സംസ്ഥാന സർക്കാരുകൾക്കെതിരെ കടുത്ത വിമർശനവുമായി സുപ്രീം കോടതി. സർക്കാരുകളുടെ നിസ്സംഗതയിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരെ നേരിട്ട് വിളിച്ചുവരുത്തി.

തെരുവുനായ ആക്രമണം സംബന്ധിച്ച് രണ്ടുമാസം മുമ്പ് നൽകിയ നോട്ടീസിന് രണ്ട് സംസ്ഥാനങ്ങളും ദില്ലി മുനിസിപ്പൽ കോർപ്പറേഷനും മാത്രമാണ് മറുപടി സമർപ്പിച്ചത്. ഇത് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി കടുത്ത നടപടി സ്വീകരിച്ചത്. തുടർച്ചയായി തെരുവുനായ പ്രശ്നങ്ങൾ ആവർത്തിക്കുന്നത് വിദേശരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയുടെ പ്രതിച്ഛായ താഴ്ത്തിയതായി കോടതി നിരീക്ഷിച്ചു.

കേന്ദ്രം അടക്കമുള്ളവർ മറുപടി നൽകാത്തതിനെതിരെ സുപ്രീം കോടതി കടുത്ത വിമർശനമാണ് ഉയർത്തിയത്. ദില്ലി ചീഫ് സെക്രട്ടറിയെ രൂക്ഷമായി വിമർശിച്ച കോടതി പശ്ചിമ ബംഗാൾ, തെലങ്കാന സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ ഒഴികെയുള്ള എല്ലാ ചീഫ് സെക്രട്ടറിമാരോടും നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ചു. ചീഫ് സെക്രട്ടറിമാർക്ക് ഹാജരാകാൻ സൗകര്യമൊരുക്കുന്നതിനായി കേസ് കോടതി ഓഡിറ്റോറിയത്തിലേക്ക് മാറ്റുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.