Banner Ads

വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണ; ഡിവൈഎഫ്ഐ ഡൽഹിയിലേക്ക്, രാജ്ഭവനുകളിലേക്ക് ജനകീയ മാർച്ച്

തിരുവനന്തപുരം : നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിലും ക്രമക്കേടുകളിലും പ്രതിഷേധിച്ച് കേന്ദ്ര സർക്കാരിനെതിരെ സമരം ശക്തമാക്കി ഇടതുപക്ഷ യുവജന-വിദ്യാർത്ഥി സംഘടനകൾ. ഡൽഹി ജന്തർ മന്തറിൽ പ്രക്ഷോഭം നടത്തുന്ന വിദ്യാർത്ഥികൾക്ക് പൂർണ്ണ പിന്തുണയുമായി ഡിവൈഎഫ്ഐ നേതൃത്വത്തിൽ കേരളത്തിൽ നിന്ന് ഡൽഹിയിലേക്ക് പ്രത്യേക സമരയാത്ര പുറപ്പെടും.

ജൂലൈ 24ന് ട്രെയി മാർഗ്ഗം തിരിക്കുന്ന സമരസേനാനികൾ ജൂലൈ 27ന് രാവിലെ ഡൽഹിയിലെത്തി ജന്തർ മന്തറിലെ സമരത്തിന്റെ ഭാഗമാകും. ഡൽഹിയിലെ സമരപോരാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ജൂലൈ 24ന് തിരുവനന്തപുരത്തും ജൂലൈ 27ന് സംസ്ഥാനത്തെ മുഴുവൻ ജില്ലാ കേന്ദ്രങ്ങളിലും ഏകദിന ഉപവാസ സമരം സംഘടിപ്പിക്കും.

സമരം കൂടുതൽ കടുപ്പിക്കുന്നതിന്റെ ഭാഗമായി എസ്എഫ്ഐ ഇന്നു രാജ്യവ്യാപകമായി പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിക്കും. സംസ്ഥാന തലസ്ഥാനങ്ങളിൽ രാജ്ഭവനുകളിലേക്കും മറ്റ് കേന്ദ്രങ്ങളിൽ രാജ്ഭവൻ/ലോക്ഭവനുകളിലേക്കും കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്കുമാണ് മാർച്ച്.

സിഐടിയു, അഖിലേന്ത്യാ കിസാൻ സഭ, അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ, ഡിവൈഎഫ്ഐ എന്നീ പ്രസ്ഥാനങ്ങളും മാർച്ചിൽ അണിചേരും. കൂടാതെ, നാളെ രാജ്യവ്യാപകമായി സ്കൂളുകളിലും കോളേജുകളിലും സർവകലാശാലകളിലും എസ്എഫ്ഐ പഠിപ്പുമുടക്കൽ സമരം പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ രാത്രി 10 മണി മുതൽ ഡൽഹി ജന്തർ മന്തറിന് സമാനമായ രാപ്പകൽ സമരവേദികൾ രാജ്യത്തുടനീളം ഉയർത്തുമെന്നും പന്തംകൊളുത്തി പ്രകടനങ്ങളും സാംസ്കാരിക പ്രതിരോധ കൂട്ടായ്മകളും സംഘടിപ്പിക്കുമെന്നും എസ്എഫ്ഐ നേതൃത്വം അറിയിച്ചു.