
സുൽത്താൻ ബത്തേരി : ഉൾപ്രദേശങ്ങളിൽ ഗതാഗത സൗകര്യം ഒരുക്കുന്നതിനും സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാനും ലക്ഷ്യമിട്ട് സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ആരംഭിച്ച ഗ്രാമവണ്ടി ഹിറ്റായി. ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ 10 ലക്ഷം രൂപ വകയിരുത്തിയാണ് ഈ സംരംഭം ആരംഭിച്ചത്.
ഇപ്പോൾ ഒരു വർഷം പിന്നിടുമ്പോൾ യാത്രക്കാരുടെ പ്രിയപ്പെട്ട യാത്രാ മാർഗമായി ഇത് മാറിക്കഴിഞ്ഞു. പരീക്ഷണാടിസ്ഥാനത്തിൽ സി.സി–അത്തിനിലം–മൈലമ്പാടി–മീനങ്ങാടി റൂട്ടിൽ തുടങ്ങിയ ഗ്രാമവണ്ടി യാത്രക്കാർക്ക് ഗ്രാമഭംഗി ആസ്വദിക്കാനുള്ള അവസരം കൂടിയാണ് ഒരുക്കുന്നത്. തുടക്കത്തിൽ ശ്രദ്ധിക്കപ്പെടാതെ പോയ ഈ സർവീസിൽ ഇപ്പോൾ യാത്രക്കാരുടെ എണ്ണം ഗണ്യമായി വർധിച്ചു.
പാട്ടുകേൾക്കാനുള്ള സ്പീക്കർ, സുരക്ഷ ഉറപ്പാക്കുന്ന ക്യാമറകൾ, യാത്രക്കാരോട് സൗഹൃദത്തോടെ പെരുമാറുന്ന ജീവനക്കാർ എന്നിവയെല്ലാം ഈ ഗ്രാമവണ്ടിയെ മറ്റ് യാത്രാ മാർഗങ്ങളിൽ നിന്ന് വേറിട്ടതാക്കുന്നു. സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ ശക്തമായ പിന്തുണയാണ് ഈ സേവനം കൂടുതൽ കാര്യക്ഷമമാക്കാൻ സഹായിച്ചത്.