Banner Ads

സസ്‌പെൻഷൻ ഭയന്ന് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം; ഐഐടി ബോംബെ ക്യാമ്പസിൽ പ്രതിഷേധം

മുംബൈ : ഐഐടി ബോംബെയിൽ രണ്ടാം വർഷ എനർജി സയൻസ് വിദ്യാർത്ഥിയായ സഹിൽ വക്കോഡെയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ക്യാമ്പസിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം തുടരുകയാണ്.

ഇന്നലെ വൈകിട്ടാണ് സഹിലിനെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പരീക്ഷയ്ക്കിടെ ചാറ്റ് ജിപിടി ഉപയോഗിച്ച് ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നതിനിടെ സഹിലിനെ അധ്യാപകർ പിടികൂടിയിരുന്നു. പരീക്ഷാഹാളിൽ വെച്ച് ചോദ്യപേപ്പർ ആപ്പിലേക്ക് അപ്‌ലോഡ് ചെയ്യാൻ ശ്രമിച്ചെന്നാണ് അധ്യാപകരുടെ വിശദീകരണം.

ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യുമെന്ന് അധ്യാപകർ ഭീഷണിപ്പെടുത്തിയതിനെ തുടർന്നുള്ള മാനസിക വിഷമത്തിലാണ് ആത്മഹത്യയെന്ന് സഹപാഠികൾ ആരോപിച്ചു. എന്നാൽ വിദ്യാർത്ഥിക്കെതിരെ യാതൊരു അച്ചടക്ക നടപടിയും ശുപാർശ ചെയ്തിട്ടില്ലെന്നാണ് ഐഐടി ബോംബെ അധികൃതരുടെ വിശദീകരണം.

വകുപ്പ് മേധാവി കുട്ടിയോട് സംസാരിച്ചിരുന്നുവെങ്കിലും നടപടിയെടുക്കുമെന്ന് പറഞ്ഞിരുന്നില്ലെന്നും മാനേജ്‌മെന്റ് അറിയിച്ചു. കഴിഞ്ഞ ജൂലൈ 28നും സ്ഥാപനത്തിലെ മറ്റൊരു വിദ്യാർത്ഥി ഹോസ്റ്റലിൽ ആത്മഹത്യ ചെയ്തിരുന്നു.