
കൊച്ചി : നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാനായി താഴ്ന്നുപറന്ന വിമാനത്തിൽ നിന്നുണ്ടായ ശക്തമായ കാറ്റിലും പ്രകമ്പനത്തിലും ഓടിട്ട വീടിന്റെ മേൽക്കൂര തകർന്നു. വീട്ടുടുമസ്ഥനായ അത്താണി ശാന്തിനഗർ കാഞ്ഞിരത്തിങ്കൽ സൈമണ് പരിക്കേറ്റു.
ഞായറാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. വിമാനത്താവളത്തിൽ നിന്ന് ഏകദേശം നാലര കിലോമീറ്റർ പടിഞ്ഞാറുമാറി അത്താണി കേരള ആയുർവേദ ഫാർമസിക്ക് സമീപമാണ് സൈമണിന്റെ വീട് സ്ഥിതി ചെയ്യുന്നത്. സൈമണും ഭാര്യ ശോശാമ്മയും രാവിലെ പള്ളിയിലെ പ്രാർഥന കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴായിരുന്നു അപകടം.
വലിയ ശബ്ദത്തോടെ വിമാനം വീടിന് തൊട്ടുമുകളിലൂടെ താഴ്ന്നുപറന്നു. അതിശക്തമായ പ്രകമ്പനത്തിൽ വീടിന്റെ മേൽക്കൂര കുലുങ്ങുകയും ഓടുകൾ പറന്ന് വീഴുകയും ചെയ്തു. നൂറോളം ഓടുകളാണ് വീടിനകത്തും പുറത്തുമായി വീണത്. പുറത്തേക്കോടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് സൈമണിന്റെ ദേഹത്ത് ഓട് വീണത്.
വിമാനത്താവളത്തിൽ നിന്ന് ജംബോ ഉൾപ്പെടെയുള്ള വിമാനങ്ങൾ ഉയരുമ്പോഴും ഇറങ്ങുമ്പോഴും ശക്തമായ കാറ്റിൽ ജനലുകളും വാതിലുകളും ഇളകുന്നതും ഓടുകളും ഷീറ്റുകളും പറന്നുപോകുന്നതും പതിവാണ്. വിമാനങ്ങൾ പറന്നുയരുന്നതും ഇറങ്ങുന്നതുമായ ദിശയിലാണ് ശാന്തിനഗറിലെ വീടുകൾ സ്ഥിതി ചെയ്യുന്നത്.
രണ്ട് വർഷം മുൻപ് പ്രദേശത്തെ മറ്റ് ചില വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു. സൈമൺ പഞ്ചായത്ത് അധികൃതരെയും നെടുമ്പാശ്ശേരി വിമാനത്താവള അധികൃതരെയും വിവരം അറിയിച്ചു. വിമാനത്താവളത്തിന് സമീപം താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ ശാശ്വതമായ പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.