Banner Ads

കോഴിക്കോട് ജില്ലയിൽ ശക്തമായ ഇടിമിന്നൽ; നരിക്കുനിയിൽ വീട് തകർന്നു, ഗൃഹനാഥന് പരിക്കേറ്റു

കോഴിക്കോട് : ജില്ലയിൽ പെയ്ത ശക്തമായ മഴയ്ക്കിടയിലുണ്ടായ ഇടിമിന്നലിൽ വൻ നാശനഷ്ടം. നരിക്കുനിയിൽ മിന്നലേറ്റ് വീടിന്റെ ചുമർ തകർന്ന് ഗൃഹനാഥന് പരിക്കേറ്റു. വാര്യംവീട്ടിൽ മാധവൻ നായർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം.

ശക്തമായ മിന്നലിനിടെ ചുമരിലെ കല്ല് തെറിച്ച് മാധവൻ നായരുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. മിന്നലിന്റെ ആഘാതത്തിൽ വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചു. വീടിനുള്ളിലെ വയറിംഗും ഇലക്ട്രിക് ഉപകരണങ്ങളും പൂർണ്ണമായും നശിച്ച നിലയിലാണ്.

ഏകദേശം നാല് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി വീട്ടുകാർ അറിയിച്ചു. വീട്ടിൽ വളർത്തിയിരുന്ന കോഴികൾ മിന്നലേറ്റ് ചത്തു. ടിവി, ഫ്രിഡ്ജ് ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള ഗൃഹോപകരണങ്ങൾ ഉപയോഗശൂന്യമായി.