
കണ്ണൂർ:പണിമുടക്കിനെത്തിയവർ അതിക്രമം കാട്ടി അധ്യാപകരുടെ വാഹനങ്ങളുടെ ടയറിലെ കാറ്റഴിച്ച് വിട്ടതായി പരാതി.കണ്ണൂർ നെടുങ്ങോം ഗവ ഹയർ സെക്കന്ററി സ്കൂളിൽ ജോലിക്കെത്തിയ അധ്യാപകരുടെ വാഹനങ്ങളുടെ കാറ്റാണ് അഴിച്ചു വിട്ടത്.
അഞ്ച് കാറിന്റെയും ഒരു സ്കൂട്ടറിന്റെയും കാറ്റ് അഴിച്ചു വിട്ടു. രാവിലെ പണിമുടക്ക് അനുകൂലികൾ സ്റ്റാഫ് റൂമിൽ എത്തി ഭീഷണി മുഴക്കിയിരുന്നു. ഇന്ന് ഹെഡ് മാസ്റ്റർ ഉൾപ്പടെ 17 അധ്യാപകരും അനധ്യാപകരും സ്കൂളിലെത്തിയിരുന്നു.
പണിമുടക്കിനെ തുടർന്ന് ക്ലാസുകൾ മുടങ്ങിയെങ്കിലും, അവധി ഒഴിവാക്കി സ്കൂളിലെത്തിയവർക്കാണ് ഈ ദുരനുഭവം ഉണ്ടായത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല..