Banner Ads

തെരുവുനായ ഭീഷണി ഗുരുതരം: വടക്കഞ്ചേരിയിൽ വീട്ടമ്മയെ കടിച്ച നായക്ക് പേവിഷബാധ; വീട്ടമ്മ ചികിത്സയിൽ

പാലക്കാട്: വടക്കഞ്ചേരിയിൽ 55 കാരിയായ വീട്ടമ്മയെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.പുളിമ്പറമ്പ് സ്വദേശിനി വിശാലം (55) എന്ന കിടപ്പുരോഗിക്കാണ് കഴിഞ്ഞ ദിവസം നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്.വീടിന് മുന്നിലെ ചായ്പ്പിൽ കട്ടിലിൽ കിടക്കുന്നതിനിടെയാണ് നായ വിശാലത്തെ കടിച്ചത്.

ഈ സമയം വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. വിശാലത്തിന്റെ നിലവിളി കേട്ട് അയൽക്കാർ ഓടിയെത്തിയപ്പോഴേക്കും നായ സ്ഥലം വിട്ടു. തുടർന്ന് നാട്ടുകാർ നായയെ പിന്തുടർന്ന് കൊല്ലുകയുണ്ടായി.വിശാലത്തെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലപ്പെട്ട നായയുടെ ജഡം മണ്ണുത്തി വെറ്ററിനറി സർവകലാശാലയിലേക്ക് അയച്ചപ്പോഴാണ് പേവിഷബാധയാണെന്ന് സ്ഥിരീകരിച്ചത്.ഇതിനിടെ കമ്മാന്തറ പ്രദേശത്ത് മറ്റൊരു പശുക്കുട്ടിയിലും പേവിഷബാധ ലക്ഷണങ്ങൾ കണ്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലായി പനി, ഭക്ഷണം ഒഴിവാക്കൽ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് വെറ്ററിനറി സർജൻ പി. ശ്രീദേവി നടത്തിയ പരിശോധനയിലാണ് സംശയം ഉയർന്നത്.പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ, കടിയേറ്റവരോ, ഈ നായയുമായി സമ്പർക്കം പുലർത്തിയവരോ ഉടൻ തന്നെ പ്രതിരോധ ചികിത്സ തേടണമെന്ന് ഡോക്ടർ മുന്നറിയിപ്പ് നൽകി.