Banner Ads

തെരുവ് നായ വിളയാട്ടം; അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ വീടിനുള്ളിൽ കയറി കടിച്ചു കീറി

മലപ്പുറം : വീടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ച് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ തെരുവ് നായ ആക്രമിച്ചു. ഒതുക്കുങ്ങൽ തൊടുവത്തുപറമ്പിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. കുഞ്ഞിനെ ഉടന്‍ തന്നെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വീടിന്റെ വാതിൽ തുറന്നുകിടന്ന സമയത്താണ് തെരുവ് നായ അകത്തുകയറിയത്. മുറിയിൽ ഉറങ്ങുകയായിരുന്ന കുഞ്ഞിനെ നായ കടിച്ചു കീറുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോഴാണ് ചോരയൊലിക്കുന്ന നിലയിൽ കുഞ്ഞിനെ കണ്ടത്.

ഉടൻ തന്നെ വീട്ടുകാർ നായയെ അടിച്ചോടിക്കുകയായിരുന്നു. പ്രദേശത്തെ മറ്റ് മൂന്നുപേരെക്കൂടി ഇതേ തെരുവ് നായ കടിച്ചു പരിക്കേൽപ്പിച്ചു. മദ്രസയിലേക്ക് പോവുകയായിരുന്ന മറ്റുരത്തങ്ങാടി പുളിക്കൽ റിഷാദ് അലി, മുസ്ലിയാരങ്ങാട് സ്വദേശി നാരായണൻ, മുനമ്പത്ത് സൈനബ എന്നിവർക്കാണ് പരിക്കേറ്റത്. ഇവർക്ക് സമീപത്തെ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി.

പ്രദേശത്ത് തെരുവ് നായ ശല്യം ഗുരുതരമായി തുടരുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. വീടിനകത്ത് പോലും കുഞ്ഞുങ്ങൾക്ക് സുരക്ഷിതത്വമില്ലാത്ത അവസ്ഥയാണെന്നും അധികൃതർ ഇടപെട്ട് അക്രമകാരികളായ നായകളെ പിടികൂടാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തി.