
ദില്ലി : പാർലമെന്റിൽ ദക്ഷിണേന്ത്യയെയും കേരളത്തെയും അവഹേളിക്കുന്ന രീതിയിൽ സംസാരിച്ച ബി ജെ പി എം പി സുഷ്മിത ദേബിന്റെ പരാമർശത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് കേരളത്തിൽ നിന്നുള്ള എം പിമാർ.
യു പി ഐ ഇടപാടുകൾക്ക് അധിക നിരക്ക് ഏർപ്പെടുത്താനുള്ള ഭേദഗതി ബില്ലിന്മേൽ രാജ്യസഭയിൽ ഡോ ജോൺ ബ്രിട്ടാസ് എം പി സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം.
ബ്രിട്ടാസിന് തൊട്ടുപിന്നിലെ ഇരിപ്പിടത്തിൽ ഇരുന്ന സുഷ്മിത ദേബ് ലുങ്കിവാല എന്ന് വിളിച്ച് അധിക്ഷേപിക്കുകയായിരുന്നു. വിഷയം ഡോ ജോൺ ബ്രിട്ടാസ് ഉടൻതന്നെ സഭയിൽ ഉന്നയിച്ചതോടെ പ്രതിപക്ഷ എം പിമാർ പ്രതിഷേധവുമായി രംഗത്തെത്തി.
തർക്കം രൂക്ഷമായതോടെ സഭയിൽ ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിൽ വലിയ ബഹളവുമുണ്ടായി. ബി ജെ പിയുടെ ഉള്ളിലെ കേരള വിരുദ്ധ മനസ്സ് തുറന്നുകാട്ടുന്നതാണ് ഈ പരാമർശം. രാജ്യത്തെ വിഭജിക്കാനുള്ള ബി ജെ പിയുടെ ശ്രമങ്ങളുടെ ഭാഗമാണിത്.
എന്നാൽ കാശ്മീർ മുതലുള്ള എം പിമാർ ഒറ്റക്കെട്ടായി നിന്ന് ഈ അധിക്ഷേപത്തെ എതിർത്തു. കേരളത്തെയും ദക്ഷിണേന്ത്യയെയും അപമാനിക്കുന്ന നിലപാടാണ് ബി ജെ പി അംഗത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ഇത് ബോധപൂർവ്വമുള്ള അപമാനശ്രമമാണ്.
കേരളത്തോടുള്ള ബി ജെ പിയുടെ ചിറ്റമ്മനയമാണ് ഇതിലൂടെ വീണ്ടും വെളിപ്പെട്ടിരിക്കുന്നത്. സംഭവത്തിൽ പാർട്ടി വ്യത്യാസമില്ലാതെ കേരളത്തിൽ നിന്നുള്ള എല്ലാ എം പിമാരും ഒറ്റക്കെട്ടായി നിന്ന് ഡോ ജോൺ ബ്രിട്ടാസിന് പിന്തുണ പ്രഖ്യാപിച്ചു.
ദക്ഷിണേന്ത്യൻ സംസ്കാരത്തെ ആക്ഷേപിച്ച ബി ജെ പി എം പി മാപ്പുപറയണമെന്ന് പ്രതിപക്ഷം സഭയിൽ ആവശ്യപ്പെട്ടു.