Banner Ads

കായിക മേള വേദിയിൽ യാഥാർത്ഥ്യങ്ങൾക്ക് വിരുദ്ധമായ പ്രസ്താവന: മുൻവർഷ ചരിത്രം മറന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ

തിരുവനന്തപുരം : സംസ്ഥാന സ്കൂൾ കായിക മേളയുടെ ഉദ്ഘാടന വേദിയിൽ യാഥാർത്ഥ്യങ്ങൾക്ക് നിരക്കാത്ത അവകാശവാദവുമായി വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. ചരിത്രത്തിലാദ്യമായാണ് ഇത്തവണ കായികമേളയിൽ ഭിന്നശേഷി വിദ്യാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഇൻക്ലൂസീവ് മത്സരങ്ങൾ സംഘടിപ്പിക്കുന്നതെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.

എന്നാൽ മുൻവർഷങ്ങളിലെ കായിക മേളകളിൽ ഇൻക്ലൂസീവ് മത്സരങ്ങൾ വിജയകരമായി നടപ്പാക്കിയ ചരിത്രം മറച്ചുവെച്ചാണ് മന്ത്രി പ്രസംഗിച്ചതെന്ന വിമർശനം ഉയർന്നിട്ടുണ്ട്. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് 2024ൽ എറണാകുളത്തു വെച്ച് നടന്ന സംസ്ഥാന സ്കൂൾ കായിക മേളയിലാണ് ഭിന്നശേഷി കുട്ടികൾക്കായി രാജ്യത്ത് ആദ്യമായി പൊതുവിഭാഗത്തിനൊപ്പം ഇൻക്ലൂസീവ് മത്സരങ്ങൾ സംഘടിപ്പിച്ചത്.

അന്ന് ആയിരത്തിലധികം ഭിന്നശേഷി വിദ്യാർത്ഥികൾ ഏഴ് ഇനങ്ങളിലായി മാറ്റുരയ്ക്കുകയും തിരുവനന്തപുരം ജില്ല ഓവറോൾ ചാമ്പ്യന്മാരാവുകയും ചെയ്തിരുന്നു. തുടർന്ന് 2025ലെ കായിക മേളയിലും ഇൻക്ലൂസീവ് മത്സരങ്ങൾ വിജയകരമായി തുടർന്നിരുന്നു. ഈ വസ്തുതകൾ നിലനിൽക്കെയാണ് മുൻ അനുഭവങ്ങളെ പൂർണ്ണമായി തള്ളിപ്പറഞ്ഞുകൊണ്ടുള്ള വിദ്യാഭ്യാസ മന്ത്രിയുടെ അവകാശവാദം.