കണ്ണൂർ : സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തിന് കണ്ണൂർ മുൻസിപ്പല്‍ സ്കൂളില്‍ തുടക്കമിട്ടു. 14 ജില്ലകളിലെ സർക്കാർ, എയ്‌ഡഡ്, അണ്‍എയ്‌ഡഡ് വിദ്യാലയങ്ങളിലെ 1,600 കുട്ടികളാണ് ആട്ടവും പാട്ടും വാക്കും വരയുമായി കലോത്സവ വേദിയിലെത്തിയിരിക്കുന്നത്. ഇന്ന് രാവിലെ പത്തിന് കെ.വി സുമേഷ് എം.എല്‍.എ കണ്ണൂർ മുനിസിപ്പല്‍ സ്‌കൂളിലെ മുഖ്യവേദിയില്‍ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു.
തളാപ്പ് മിക്‌സഡ് യുപി സ്‌കൂൾ ഉൾപ്പെടെ എട്ടുവേദികളിലാണ് മത്സരം ആരംഭിച്ചത്. മോഹിനിയാട്ടം, നാടോടിനൃത്തം, സംഘനൃത്തം, ലളിതഗാനം, സംഘഗാനം, ദേശഭക്തിഗാനം, ഉപകരണസംഗീതം, പെൻസില്‍ ഡ്രോയിങ്, ജലച്ചായം തുടങ്ങിയ വിഭാഗത്തിൽ മൂന്ന് വേദികളിലായി മാനസികവെല്ലുവിളി നേരിടുന്ന വിദ്യാർഥികളാണ് മത്സരിക്കുക.
കേള്‍വി പരിമിതിയുള്ളവർ 15 വിഭാഗങ്ങളിലും കാഴ്‌ചപരിമിതിയുള്ളവർ 19 വിഭാഗങ്ങളിലും വെള്ളി, ശനി ദിവസങ്ങളിലായി മത്സരിക്കും. അഡ്വ. ടി. സരളയായിരുന്നു അധ്യക്ഷ. മുഖ്യാതിഥിയായി എത്തിയത് കണ്ണൂർ കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ ആണ്.