
കൊച്ചി : ചമ്പക്കര മാർക്കറ്റിന് സമീപം സൂപ്പർ ഡ്യൂക്ക് ബൈക്ക് മെട്രോ പില്ലറിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. ആലപ്പുഴ മുട്ടാർ സ്വദേശി സൂരജ് (24), തൃശ്ശൂർ പഴുവിൽ സ്വദേശി ശ്വേത (25) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ മൂന്നിന് രാത്രി 12:45-നു 953-ാം നമ്പർ മെട്രോ പില്ലറില്‍ ഇടിച്ചാണ് അപകടമുണ്ടായത്.
എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ് ഇരുവരും. ഫോറം മാളിൽ പോയശേഷം ശ്വേതയെ കാക്കനാടുള്ള താമസസ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. അമിത വേഗത്തിലായിരുന്ന ബൈക്ക് നിയന്ത്രണം തെറ്റി മെട്രോ പില്ലറിൽ ഇടിക്കുകയും ഇരുവരും റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു.
വിവരമറിഞ്ഞെത്തിയ നാട്ടുകാർ പോലീസിനെ അറിയിക്കുകയും വൈറ്റിലയിലെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്‌തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.