
കണ്ണൂർ : തിങ്കളാഴ്ച രാവിലെ നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനാഭൻ അധ്യക്ഷത വഹിച്ചു. നായയുടെ കടിയേറ്റാലും പേവിഷബാധയേൽക്കാതിരിക്കാനുള്ള മുൻകരുതലായാണ് പദ്ധതി നടപ്പാക്കുന്നതെന്ന് അധികൃതർ അറിയിച്ചു.ഇന്ന് രാവിലെ മുതൽ തന്നെ കോടതി റോഡ്, ബസ് സ്റ്റാൻഡ്, താലൂക്ക് ഓഫീസ്, പോസ്റ്റ് ഓഫീസ്, കാക്കാത്തോട് ബസ് സ്റ്റാൻഡ്, മാർക്കറ്റ് പരിസരങ്ങളിലുൾപ്പെടെ തെരുവുനായകൾക്ക് വാക്സിൻ നൽകി.
പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.പി. മുഹമ്മദ് നിസാർ, ഡോക്ടർമാരായ മുഹമ്മദ് ബഷീർ, ഹാഫിസ് എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയത്.മലപ്പുറത്തുനിന്ന് എത്തിയ അംഗീകൃത ലൈസൻസുള്ള ജിതേഷിന്റെ നേതൃത്വത്തിലുള്ള നായപിടിത്തക്കാരാണ് വാക്സിനേഷനുള്ള നായകളെ പിടികൂടിയത്.നായകളെ തെരുവിൽ നിന്ന് പിടികൂടി അവിടെവെച്ച് തന്നെ വാക്സിൻ നൽകി വിട്ടയക്കുകയാണ് ചെയ്യുന്നത്.
വാക്സിൻ നൽകിയവയെ തിരിച്ചറിയാനായി കഴുത്തിൽ ബെൽറ്റും കെട്ടി നൽകും.തുടർന്നുള്ള 15 ദിവസങ്ങൾക്കുള്ളിൽ നഗരസഭയിലെ മുഴുവൻ വാർഡുകളിലും തെരുവുനായകൾക്ക് വാക്സിൻ നൽകും.ഈ പദ്ധതിയുടെ ആദ്യഘട്ടം ‘സേഫ് ടെയിൽ സേഫ് തളിപ്പറമ്പ്’ എന്ന പേരിൽ ആഗസ്തിൽ ഉദ്ഘാടനം ചെയ്തിരുന്നു. ഒരു മാസം നീണ്ട ആ കാമ്പയിനിൽ വളർത്തുനായകൾക്കായിരുന്നു കുത്തിവെപ്പ് നൽകിയത്. അതിനു ശേഷമുള്ള രണ്ടാം ഘട്ടമായാണ് ഇപ്പോൾ തെരുവുനായകൾക്ക് വാക്സിൻ നൽകുന്നത്.