Banner Ads

വഴിയരികിലും കളിസ്ഥലത്തും പാമ്പുകൾ; താമരശ്ശേരിയിൽ പാമ്പുകടിയേറ്റ് രണ്ടുപേർ മെഡിക്കൽ കോളേജിൽ

താമരശ്ശേരി : താമരശ്ശേരിയിലും പരിസര പ്രദേശങ്ങളിലും പാമ്പ് ശല്യം രൂക്ഷം. ഒരു ദിവസത്തെ ഇടവേളയിൽ രണ്ട് പേര്‍ക്ക് പാമ്പ് കടിയേറ്റു. പത്ത് വയസ്സുകാരനായ കുട്ടിയും സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവുമാണ് പാമ്പുകടിയേറ്റ് ചികിത്സയിലുള്ളത്. കോരങ്ങാട് സ്വദേശി യൂസഫിന്റെ മകന്‍ മുഹമ്മദ് റയാനും തച്ചംപൊയില്‍ ചാലക്കരയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കൊയിലാണ്ടി നടേരി സ്വദേശി ചാമവളപ്പില്‍ ഷെമീദി(21)നുമാണ് പാമ്പ് കടിയേറ്റത്.

കഴിഞ്ഞ ദിവസം വൈകുന്നേരം ആറുമണിയോടെ വീടിന് സമീപത്തെ വയലിൽ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് മുഹമ്മദ് റയാന് പാമ്പുകടിയേറ്റത്. താമരശ്ശേരി-കൊയിലാണ്ടി സംസ്ഥാന പാതയിലെ കാരാടിയിൽ വെച്ച് ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ഷെമീദിന് കടിയേറ്റത്. കടിച്ചത് ഏത് ഇനത്തിൽപ്പെട്ട പാമ്പാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

രണ്ട് പേരെയും ഉടൻ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയിരുന്നു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഇരുവരേയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.