
മലപ്പുറം : ട്രെയിനിൽ കഞ്ചാവ് കടത്തിയ കേസിൽ ബംഗാൾ സ്വദേശിക്ക് മഞ്ചേരി എൻ.ഡി.പി.എസ്. കോടതി ശിക്ഷ വിധിച്ചു. പശ്ചിമ ബംഗാൾ സ്വദേശി മുഹമ്മദ് ജുൽഫിക്കറിനാണ് മൂന്ന് വർഷം കഠിന തടവും അരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. 2024 ഫെബ്രുവരി ആറിന് വൈകീട്ട് ആറ് മണിയോടെ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കുറ്റിപ്പുറം എക്സൈസ് ഇൻസ്പെക്ടർ എ. സാദിഖിന്റെ നേതൃത്വത്തിൽ എക്സൈസും ആർ.പി.എഫും നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പ്രതിയിൽ നിന്ന് 5.2 കിലോഗ്രാം ഉണക്ക കഞ്ചാവാണ് കണ്ടെടുത്തത്. അറസ്റ്റിലായ ശേഷം ജാമ്യം ലഭിക്കാതിരുന്ന പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി. സുരേഷ് ഹാജരായി.