
പുൽപ്പള്ളി : വയനാട്ടിൽ പുള്ളിമാനിനെ കെണിവെച്ച് പിടിച്ച് ഇറച്ചിയാക്കാൻ ശ്രമിച്ച ആറംഗ സംഘത്തെ വനംവകുപ്പ് പിടികൂടി.പുൽപ്പള്ളിക്കടുത്തുള്ള ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ചേലക്കൊല്ലി വനമേഖലയിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇരുളം വെളുത്തേരിക്കുന്ന് ഉന്നതി സ്വദേശികളായ സനീഷ് (23), അപ്പു (60), ബിനീഷ് കുമാർ (29), രാജൻ (55) എന്നിവരാണ് പിടിയിലായത്.
ഇവരിൽ നിന്ന് മാനിറച്ചിയും വേട്ടയ്ക്കുപയോഗിച്ച കത്തികളും കുരുക്കും വനംവകുപ്പ് കണ്ടെടുത്തിട്ടുണ്ട്. വന്യമൃഗങ്ങളെ വേട്ടയാടുന്ന സംഭവങ്ങൾ വയനാട്ടിൽ വർധിച്ചു വരുന്ന സാഹചര്യത്തിൽ വനംവകുപ്പ് പരിശോധനകൾ കർശനമാക്കിയിരിക്കുകയാണ്. പുൽപ്പള്ളി മേഖലയിൽ കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇത് നാലാമത്തെ കേസാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.പി. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.