
തിരുവനന്തപുരം : സംസ്ഥാനത്ത് നടപ്പാക്കുന്ന വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരെ (എസ്‌ഐആര്‍) സിപിഎം സുപ്രീം കോടതിയിൽ ഹർജി നൽകി. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് ഹർജി സമർപ്പിച്ചത്. എസ്‌ഐആർ റദ്ദാക്കണമെന്നാണ് സിപിഎം ആവശ്യപ്പെടുന്നത്. എസ്‌ഐആർ ഭരണഘടനാ വിരുദ്ധമാണെന്നും സിപിഎം ഹർജിയിൽ ആരോപിക്കുന്നു.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ നിലവിലെ എസ്‌ഐആർ നടപടികൾ സ്റ്റേ ചെയ്യണമെന്നും സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്. അഭിഭാഷകൻ ജി പ്രകാശാണ് സിപിഎമ്മിനായി ഹർജി സമർപ്പിച്ചത്. സിപിഐയും എസ്‌ഐആറിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
കൂടാതെ തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം ചോദ്യം ചെയ്ത് സംസ്ഥാന സർക്കാരും മുസ്ലിം ലീഗും കോൺഗ്രസും നേരത്തെ തന്നെ സുപ്രീം കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ഈ ഹർജികൾ ഇന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ പരാമർശിക്കും. വേഗത്തിൽ പരിഗണിക്കണമെന്ന് ഇവർ ആവശ്യപ്പെടും. തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ ഇടക്കാല സ്റ്റേ വേണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്.