
ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ നവജാത ശിശുവിനെ പ്രസവിച്ചയുടൻ അമ്മ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞു. ആശുപത്രി അധികൃതരുടെയും ജീവനക്കാരുടെയും അടിയന്തര ഇടപെടലിനെ തുടർന്ന് കുഞ്ഞിനെ ജീവനോടെ രക്ഷപ്പെടുത്തി. പരിക്കേറ്റ കുഞ്ഞിനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ന്യൂബോൺ ഐ.സി.യുവിലേക്ക് (ICU) മാറ്റി.വയറുവേദനയെന്ന് പറഞ്ഞാണ് പത്തൊമ്പതുകാരിയായ അവിവാഹിത ഇന്നലെ രാത്രി ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്.
തുടർന്ന് ഇവരെ ഒബ്സർവേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇവിടെ നിരീക്ഷണത്തിൽ കഴിയവെയാണ് യുവതി ശുചിമുറിയിൽ കയറി പ്രസവിച്ചത്.പ്രസവത്തിന് പിന്നാലെ യുവതി കുഞ്ഞിനെ ശുചിമുറിയുടെ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു.കുഞ്ഞിനെ പുറത്തേക്ക് എറിഞ്ഞതിന് പിന്നാലെ ജനൽപ്പാളിക്ക് താഴെ നിന്നും കുഞ്ഞിന്റെ കരച്ചിൽ കേട്ടതാണ് വൻ ദുരന്തം ഒഴിവാക്കിയത്.
കരച്ചിൽ കേട്ട് ഓടിയെത്തിയ ആശുപത്രി ജീവനക്കാർ ഉടൻ തന്നെ കുഞ്ഞിനെ എടുത്ത് പ്രാഥമിക ചികിത്സ നൽകുകയും വിദഗ്ധ പരിചരണത്തിനായി വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയുമായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.