Banner Ads

ജാവ കടലിൽ കപ്പൽ കാണാതായി: 115 പേരെ രക്ഷപ്പെടുത്തി, ഒരാൾ മരിച്ചു; ബാക്കിയുള്ളവർക്കായി തിരച്ചിൽ

ജക്കാർത്ത : ഇന്തോനേഷ്യയിൽ 243 യാത്രക്കാരുമായി സഞ്ചരിച്ച വിർഗോ ട്രാൻസ്പോർട്ട് 8 എന്ന കപ്പൽ ജാവ കടലിൽ വെച്ച് കാണാതായി. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് കപ്പലുമായുള്ള ആശയവിനിമയ ബന്ധം നഷ്ടമായത്. കപ്പലിലുണ്ടായിരുന്ന 115 പേരെ രക്ഷപ്പെടുത്തിയതായും ഒരാൾ മരിച്ചതായും ഇന്തോനേഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കാണാതായ ബാക്കിയുള്ള യാത്രക്കാർക്കായി തെരച്ചിൽ തുടരുകയാണ്. മേഖലയിലുണ്ടായ മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കപ്പൽ മോശം കാലാവസ്ഥയിൽ പെട്ടതായി ഓപ്പറേറ്റർമാർ മുന്നറിയിപ്പ് നൽകിയിരുന്നതായി റെസ്ക്യൂ ഓഫീസ് മേധാവി ഐ പുടു സുദയാന അറിയിച്ചു.

ശനിയാഴ്ച രാവിലെ പ്രാദേശിക സമയം 10:13ഓടെ കിഴക്കൻ ജാവയിൽ നിന്ന് സൗത്ത് കലിമന്താൻ പ്രവിശ്യയിലേക്ക് തിരിഞ്ഞതായിരുന്നു കപ്പൽ. ബഞ്ചാർമാസിൻ ബോട്ട് ജെട്ടിയിൽ നിന്ന് ഏകദേശം 148 കിലോമീറ്റർ അകലെ വെച്ചാണ് സന്ദേശങ്ങൾ ലഭിക്കാതായത്.

സമുദ്ര സുരക്ഷാ ഏജൻസികളുടെയും പ്രത്യേക രക്ഷാപ്രവർത്തക സംഘങ്ങളുടെയും നേതൃത്വത്തിൽ തെരച്ചിൽ പുരോഗമിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനങ്ങൾ നിരീക്ഷിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.