Banner Ads

ഷംസീറിന്റെ പകരക്കാരൻ ദൗത്യം പൂർത്തിയാക്കി; തലശ്ശേരി ചുവപ്പിച്ച് കാരായി രാജൻ

തലശ്ശേരി : വിപ്ലവ മണ്ണിൽ ചരിത്രം ആവർത്തിച്ചു. പ്രവചനങ്ങൾക്കും വിവാദങ്ങൾക്കും ഇടം നൽകാതെ തലശ്ശേരി മണ്ഡലം ഒരിക്കൽ കൂടി ചുവപ്പണിഞ്ഞു. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 20523 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി കാരായി രാജൻ ഉജ്ജ്വല വിജയം നേടിയത്. 69743 വോട്ടുകളാണ് കാരായി രാജൻ നേടിയത്.

കോൺഗ്രസിന്‍റെ സാജു കെ പിക്ക് 49220 വോട്ടുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്. ബിജെപിയ്ക്ക് വേണ്ടി മത്സര രംഗത്തുണ്ടായിരുന്ന ഒ നിധീഷിന് 22754 വോട്ടുകൾ നേടാനായി. സ്പീക്കർ എഎൻ ഷംസീറിന് പകരക്കാരനായി കാരായി രാജൻ എത്തിയപ്പോൾ ഫസൽ വധക്കേസും അക്രമ രാഷ്ട്രീയവും ചർച്ചയാക്കി മണ്ഡലം പിടിച്ചെടുക്കാനായിരുന്നു യുഡിഎഫ് നീക്കം.

എന്നാൽ എതിരാളികളുടെ രാഷ്ട്രീയ ആരോപണങ്ങളെ വികസന രാഷ്ട്രീയത്തിലൂടെ പ്രതിരോധിക്കുകയാണ് എൽഡിഎഫ് ചെയ്തത്. കഴിഞ്ഞ പത്ത് വർഷക്കാലം എഎൻ ഷംസീർ മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളും സിപിഎം ജില്ലാ കമ്മിറ്റി സെക്രട്ടേറിയറ്റംഗം എന്ന നിലയിൽ കാരായി രാജനുള്ള വ്യക്തിബന്ധങ്ങളും വിജയത്തിന് അടിത്തറ പാകി.

2021ൽ ഷംസീറിന് ലഭിച്ച 36801 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഇത്തവണ ഇടിവുണ്ടായെങ്കിലും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിലൂടെ മണ്ഡലം നിലനിർത്താൻ ഇടതുപക്ഷത്തിനായി.