
പാലക്കാട് : ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം ചെയ്ത ശേഷം ഒളിവിൽ പോയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആലത്തൂർ നെല്ലിയാങ്കുന്നം സ്വദേശി സുനീഷാണ് പിടിയിലായത്. ഓഗസ്റ്റ് എട്ടിനാണ് രണ്ടിടത്തായി ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളുടെ വീടുകളിൽ കയറി ഇയാൾ അതിക്രമം നടത്തിയത്.
സ്ത്രീകൾ ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും പ്രതി സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിനുശേഷം എറണാകുളം കുറുപ്പമ്പടി ഭാഗത്ത് ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ ശനിയാഴ്ച വൈകുന്നേരമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
പ്രതിയെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. സംസ്ഥാനത്തിനകത്തും പുറത്തുമായി മോഷണം, ലഹരിക്കടത്ത് തുടങ്ങിയ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. തമിഴ്നാട്ടിൽ മോഷണക്കേസിലെ ജയിൽ ശിക്ഷ കഴിഞ്ഞ് മൂന്നാഴ്ച മുമ്പാണ് സുനീഷ് പുറത്തിറങ്ങിയത്.