Banner Ads

പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ഗുരുതര വീഴ്ച; മലപ്പുറം സ്വദേശിയുടെ കാർ ക്ലിനിക്കിന് മുന്നിൽ, ടോൾ ഈടാക്കിയത് കോഴിക്കോട്

കോഴിക്കോട് : ദേശീയപാത 66ലെ പന്തീരാങ്കാവ് ടോൾ പ്ലാസ വഴി കടന്നുപോകാത്ത വാഹനത്തിൽ നിന്നും ഫാസ്റ്റ്ടാഗ് വഴി പണം ഈടാക്കിയതായി പരാതി. മലപ്പുറം മേലാറ്റൂർ സ്വദേശിയായ ഡോക്ടർ മുഹമ്മദ് ഷമീമാണ് ടോൾ പ്ലാസയുടെ ഗുരുതര വീഴ്ചയ്‌ക്കെതിരെ അധികൃതരെ സമീപിച്ചത്.

ജൂൺ 16ന് ഉച്ചയ്ക്ക് 12.45നാണ് ഡോ ഷമീമിന്റെ ഫോണിലേക്ക് തൻ്റെ ഹോണ്ട കാർ (KL 53 S 1492) പന്തീരാങ്കാവ് ടോൾ കടന്നുപോയെന്നും 130 രൂപ ഫാസ്റ്റ്ടാഗിൽ നിന്ന് ഈടാക്കിയെന്നുമുള്ള സന്ദേശം വരുന്നത്. എന്നാൽ ഈ സമയത്ത് വാഹനം മേലാറ്റൂരിലെ ക്ലിനിക്കിന് സമീപം സുരക്ഷിതമായി പാർക്ക് ചെയ്തിരിക്കുകയായിരുന്നുവെന്ന് ഡോക്ടർ പറയുന്നു.

അന്ന് താൻ മറ്റ് യാത്രകളൊന്നും നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അനധികൃതമായി പണം നഷ്ടപ്പെട്ടതിനെ തുടർന്ന് നാഷണൽ ഹൈവേ അതോറിറ്റിക്കും, ഫാസ്റ്റ്ടാഗ് സേവനം നൽകുന്ന ബാങ്കിനും മേലാറ്റൂർ പൊലീസിനും പരാതി നൽകിയിട്ടുണ്ട്.

സമാനമായ അനുഭവം മുൻപും പലർക്കും ഉണ്ടായിട്ടുള്ളതായി വിവരമുണ്ട്. ടോൾ പ്ലാസയിലെ സാങ്കേതിക തകരാറാണോ അതോ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അശ്രദ്ധയാണോ ഇതിന് പിന്നിലെന്ന് വ്യക്തമല്ല.