മുഴപ്പിലങ്ങാട്: എസ്ഡിപിഐ നേതാവിന്റെ വീട്ടിന് നേരെ ബോംബെറിഞ്ഞു. മുഴപ്പിലങ്ങാട് മഠം പിലാച്ചേരി സിറാജിന്റെ വീട്ടിന് നേരെയാണ് സീൽ ബോംബെറ് ഉണ്ടായത്.തിങ്കളാഴ്ച്ച പുലർച്ചെ ആറേ കാലോടെയാണ് സംഭവം. നിരവധി കേസിലെ പ്രതിയായ സി പി എം പ്രവർത്തകരായ പ്രജീഷ് എന്ന മുത്തു, ഷിന്റോഎന്നിവർ ബൈക്കിലെത്തിയാണ് സ്റ്റീൽ ബോംബെറിഞ്ഞത്.
ബോംബെറിഞ്ഞ ശേഷം പ്രതികൾ ബൈക്കിൽ രക്ഷപ്പെട്ടുവെന്ന് വീട്ടുകാർ പറഞ്ഞു.വീടിൻറെ മുൻവശത്തെ ചെറിയ വരാന്തയുടെ ടൈൽസ് തറയിലാണ് ബോംബ് പതിച്ചത്. വീട്ടിൻ്റെ ചുവരിനും ടൈൽസിനും കേട് പാട് പറ്റിയിട്ടുണ്ട്. മുറ്റത്ത് നിർത്തിയിട്ട സ്കൂട്ടറിനും കേട് പാട് പറ്റിയിട്ടുണ്ട്. ഈ സമയം വീട്ടുകാർ ഉള്ളിലുണ്ടായിരുന്നു. ഉത്സസവം നടക്കുന്ന ക്ഷേത്രത്തിൽ നിന്ന് 200 മീറ്റർ ദൂരത്തിലാണ് ആക്രമത്തിനിരയായ വീട് നിൽക്കുന്നത്.
ഉൽസവത്തിന്റെ വെടിക്കെട്ട് അവസാനിച്ചയുടനെയായിരുന്നു ബോംബെറിഞ്ഞത്. നേരത്തെയും പ്രജീഷ് എന്ന മുത്തു സിറാജിന് നേരെ വധ ഭീഷണി മുഴക്കുകയും കൂട്ടിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ഈ സംഭവത്തിൽ എടക്കാട് പോലീസിൽ പരാതി നൽകിയിരുന്നു. സംഭവം നടന്ന സ്ഥലത്ത് എടക്കാട് പൊലീസെത്തി പരിശോധന നടത്തി കണ്ണൂരിൽ നിന്നും ബോംബ് സ്ക്വാഡും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി. പ്രദേശത്ത് പൊലിസ് ക്യാംപ് ചെയ്യുന്നുണ്ട്.